
നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. നിലയ്ക്കലില്‍ നിന്നും ഭക്തരെ മാത്രമാണ് നിലവില്‍ പോലീസ് കടത്തിവിടുന്നത് അതിനിടെ അവിടെയെത്തിയ ശശികലയെ പോലീസ് തടയുകയായിരുന്നു. ശശികല എന്തിനായാണ് നിലയ്ക്കലിലെത്തിയതെന്ന് വ്യക്തമല്ല.
അതേസമയം, ശബരിമലയില്‍ യുവതീപ്രവേശത്തിന് രഹസ്യനീക്കമെന്ന് ശശികല ആരോപിച്ചു. മൂന്നുപേര്‍ രഹസ്യമായി ശബരിമല പരിസരത്തെത്തിയതായി സംശയമുണ്ട്. എരുമേലിയിലും നിലയ്ക്കലിലും എന്തുപ്രശ്‌നമുണ്ടായിട്ടാണ് ഭക്തരെ തടയുന്നതെന്നും ശശികല ചോദിച്ചു.
ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കായി ഇന്ന് വൈകീട്ടാണ് നട തുറക്കുന്നത്. എരുമേലിയില്‍ നിന്ന് നിലയ്ക്കലിലേക്ക് നിയന്ത്രിതമായി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ദേവസ്വം, വനം, വൈദ്യുതി, ജലവകുപ്പുകള്‍ക്കാണ് ഗസ്റ്റ് ഹൗസുകളുള്ളത്.
യുവതികളാരും ദര്‍ശനത്തിനുപോകാന്‍ ഇതുവരെ പൊലീസിനോടോ ജില്ലാ ഭരണകൂടത്തോടോ അനുമതി തേടിയിട്ടില്ല. എന്നാല്‍ കഴിഞ്ഞതവണ സംശയത്തിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.