പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുകാരന്‍ അട്ടപ്പാടി സ്വദേശി കുമാറിന്റെ മരണത്തില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഏഴ് പോലീസുകാരെയാണ് സസ്‌പെന്റ്‌ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് എസ്.പി അറിയിച്ചു.
നേരത്തെ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുമാറിന്റെ ഭാര്യ സജിനി ആവശ്യപ്പെട്ടിരുന്നു. റഫീക്ക് എം, മഹേഷ്, ഹരിഗോവിന്ദ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, വൈശാഖ്, ജയേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ജാതീയമായി പീഡിപ്പിച്ചെന്ന ആരോപണവും അന്വേഷിക്കും.
പ്രതികള്‍ പൊലീസുകാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും സജിനി പറഞ്ഞിരുന്നു. ലക്കിടി റെയില്‍വേ പാളത്തിന് സമീപത്തുനിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
സംഭവത്തില്‍ കുടുംബം ആരോപിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പിലുമെന്നാണ് സൂചന.മാസങ്ങളായി കുമാര്‍ അനുഭവിച്ച ജാതീയ വിവേചനവും മാനസിക- ശാരീരിക പീഡനവുമാണ് കത്തിന്റെ ഉള്ളടക്കം. മേലുദ്യോഗസ്ഥരില്‍ ചിലരുടെ പേരും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പീഡന വിവരം നേരത്തേ അറിഞ്ഞിട്ടും പരാതി നല്‍കാതിരുന്നത് വീണ്ടും പ്രശ്‌നം ഉണ്ടാവാതിരിക്കാനാണെന്ന് സജിനി പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തില്‍ ഇതുകൂടി പരിഗണിച്ചാവും അന്വേഷണമെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.സി – എസ്.ടി കമ്മിഷന്‍ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.