തിരുവനന്തപുരം: അസി. കമീഷണര്‍ പദവിയുള്ള ഉദ്യോഗസ്ഥന്‍ അവതാരകയെ പീഡിപ്പിച്ചെന്ന് ആരോപണം. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയാണ് സംഭവം. പരിപാടി അവതരിപ്പിക്കാനെത്തിയ അവതാരകയ്ക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
സമ്മേളനത്തിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസി. കമീഷണര്‍ പദവിയുള്ള ഉദ്യോഗസ്ഥനാണ് അവതാരകയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിഷയം ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് ഇന്നു കൈമാറിയേക്കും.