കണ്ണൂര്‍: ശബരിമല യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പ്രതിഷേധങ്ങളുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. തീര്‍ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാകും പോലീസ് ഏര്‍പ്പെടുത്തുക.
സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. പൊലീസ് ഉന്നതതലയോഗം നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. തുലാ മാസ പൂജാ കാലത്തെ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം ശക്തമാക്കാനും ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിന് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. പമ്പയില്‍ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
സന്നിധാനത്ത് ബോധപൂര്‍വ്വം ആളുകളെത്തി തങ്ങിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് നിഗമനം. അതിനാല്‍ സന്നിധാനത്തും പരിസരത്തും ആളുകള്‍ കൂടുതല്‍ ദിവസങ്ങള്‍ തങ്ങുന്നതിന് നിയന്ത്രിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാറിനോടും ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ബോര്‍ഡോ സംഘടനകളോ ആര്‍ക്കും മുറി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
മണ്ഡല-മകരവിളക്ക് കാലത്തെ സന്നിധാനത്തെ വനിതാ പൊലീസ് വിന്യാസത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിഷല്‍ വിവിധ ജില്ലകളിലായി 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലാകളില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ ദേവസ്വം ബോര്‍ഡിന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കും. 29ന് വീണ്ടും ഉന്നതതലയോഗം ചേരും