അര ലക്ഷം പോലീസിനെ വിന്യസിക്കും; സമവായ ചര്‍ച്ചകള്‍ നടത്തും; സന്നിധാനത്ത് വനിതാ പോലീസും

ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ സര്‍ക്കാരിന് മണ്ചല കാലം തലവേദനയാകും. ഈ സീസണില്‍ ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സുരക്ഷ ഒരുക്കേണ്ടി വരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം വലിയ വെല്ലുവിളി നിറഞ്ഞതാകും.

മണ്ഡല കാലത്ത് സുരക്ഷയൊരുക്കാന്‍ അര ലക്ഷം പോലീസിനെ എങ്കിലും ശബരിമലയില്‍ വിന്യസിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതില്‍ വനിതാ പോലീസിനെയും ഉള്‍പ്പെടുത്തും. കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്രയധികം പോലീസിനെ വിന്യസിക്കുന്നതിലെ മറ്റു പ്രശ്‌നങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. 50 തികയാത്ത വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് എത്തിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട്. വനിതാ ബറ്റാലിയന്‍ അംഗങ്ങളെ വിന്യസിച്ച് യുവതീപ്രവേശനം സാധ്യമാക്കാനും സര്‍ക്കാര്‍ ശ്രമിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. 15-ന് രാവിലെ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ശബരിമലയില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ അയവുവരുന്നു എന്നതാണ്.

വെള്ളിയാഴ്ച തുടങ്ങുന്ന തീര്‍ഥാടനകാലം ജനുവരി 20-നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീര്‍ഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘര്‍ഷത്തിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തുടര്‍ന്നും ഈ അവസ്ഥയ്ക്കാണ് സാധ്യത കൂടുതല്‍. സര്‍ക്കാര്‍ സമവായ സാധ്യതകള്‍ തേടുന്നതിന്റെ കാരണവും ഇതുതന്നെ.

നിയമോപദേശം തേടുമ്പോഴും രണ്ടു സാഹചര്യങ്ങളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഹര്‍ജി പരിഗണിച്ച് കോടതി വാദം കേള്‍ക്കുന്നതിനാല്‍ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കുശേഷം മതിയെന്നു തീരുമാനിക്കാം. ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാന്‍കൂടിയാണ് നിയമോപദേശം തേടുന്നത്.

രണ്ടുതവണ നടതുറന്നപ്പോള്‍ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരില്‍ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. ഇത് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ഉണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല.

ഈ മാസം 16-നും 20-നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയില്‍ എത്താന്‍ 550 യുവതികള്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാകുന്നത് വിധി നടപ്പാക്കുമെന്ന മുന്‍ തീരുമാനം മാറ്റിയിട്ടില്ലെന്നാണ്. ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. കടകംപള്ളിയാകട്ടെ എല്ലാം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നു കൂടി പറഞ്ഞു. ഇത്തരം പ്രതികരണങ്ങളും സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനവുമൊക്കെ സൂചിപ്പിക്കുന്നത് ശബരിമലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാരിനും ആഗ്രഹം ഉണ്ടെന്നു തന്നെയാണ്. പക്ഷേ, വിധിയെഴുത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും.

Top