
കണ്ണൂര്‍: കേരള പോലീസിന് ഇപ്പോള്‍ കണ്ടകശനിയാണ്. നെയ്യാറ്റിന്‍കരയിലെ കൊലപാതകം സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമാണ്. അതിനിടയില്‍ പോലീസിന്റെ പെരുമാറ്റം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐ രാഘവനാണ് കൈയ്യേറ്റ ശ്രമം നടത്തിയത്. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിലാണ് കയ്യേറ്റം.
പൊതുസ്ഥലത്ത് ഇരുന്ന് സിഗരറ്റ് വലിച്ച യുവാവിനോട് പിഴയടക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കൈയ്യില്‍ പണമില്ലെന്ന് എസ്‌ഐയോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ പണം അടയ്ക്കണമെന്ന് എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. പണം പിന്നീട് അടയ്ക്കാമെന്ന് യുവാവ് പറയുമ്പോള്‍ എസ്ഐ ദേഹത്ത് കൈവെച്ചു. ഇതോടെ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ് തല്ലുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി. പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീണ്ടും വാക്കുതര്‍ക്കം തുടര്‍ന്നു. പിഴ എഴുതി തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. സ്ഥലത്തെ എസ്ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.