തിരുവനന്തപുരം: അശ്ലീല വാർത്ത പ്രക്ഷേപം ചെയ്തതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസിനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെതിരെ നല്‍കിയ വ്യാജ വാര്‍ത്തയിലാണ് അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് നിർവൃതികൊണ്ടത്.
ചാനല്‍ ഉടമ കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരനുമായ വിന്‍സ് മാത്യുവിനും ചാനല്‍ നടത്തിപ്പുകാരന്‍ പത്തനംതിട്ട ജില്ലയിലെ തട്ട സ്വദേശി അനീഷ് രാജ്, വാർത്ത അവതാരക തിരുവനന്തപുരം സ്വദേശി മെഴ്സല്‍ എന്നിവര്‍ക്കെതിരെ കോട്ടയം ഉഴവൂർ സ്വദേശി ബെയ്ലോൺ എബ്രഹാമാണ് കോട്ടയം ജില്ലാ പോലീസ് അധികാരിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.
വ്യാജ വാർത്ത സ്ഥിരമായി പ്രസിദ്ധീകരിച്ച് പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കർമ്മ, പ്രവാസിശബ്ദം ഓൺലൈനുകൾക്കെതിരെ ബ്ലാക്ക് മെയിൽ, വാർത്ത കച്ചവടം അടക്കം നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രമുഖ പത്രവും ടിവി ചാനലും പരാതിക്കാരുടെ പട്ടികയിൽ ഉണ്ട്. ചാനല്‍ ഉടമ വിന്‍സ് മാത്യുവും നടത്തിപ്പു ചുമതലക്കാരന്‍ അനീഷ് രാജും ഗുരുതരമായ ആരോപണങ്ങളെയാണ് നേരിടുന്നത്. നിരവധി കേസുകള്‍ കോടതിയിലും പോലീസിലും ഉണ്ട്. ചാനല്‍ പൂട്ടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്ലാക്ക് മെയിലിംഗ് ആരോപണവും ശക്തമാണ്. ഇവരുടെ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളില്‍ പല സ്ഥലങ്ങളില്‍ നിന്നും പണം എത്തിയിട്ടുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
എസ്.വി പ്രദീപിന്റെ സഹായത്തോടെയാണ് വിന്‍സ് മാത്യു കര്‍മ്മ ന്യുസ് എന്ന ചാനല്‍ ആരംഭിച്ചത്. പിന്നീടുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് എസ്.വി.പ്രദീപ് അവിടെനിന്നും സ്വയം പിന്‍മാറിയിരുന്നു. എന്നാല്‍ വീണ്ടും കര്‍മ്മയില്‍ എത്തണമെന്ന് വിന്‍സ് മാത്യു നിരന്തരം എസ്.വി പ്രദീപിനോട് മെസ്സേജുകളില്‍ക്കൂടി ആവശ്യപ്പെട്ടിരുന്നു. ക്ഷണം നിരസിക്കുകയും ഇനിയും തന്നെ ശല്യം ചെയ്യരുതെന്ന് വിന്‍സ് മാത്യുവിനോട് പ്രദീപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും വിന്‍സ് മാത്യു നിരന്തരം ശല്യം ചെയ്തതിനെത്തുടര്‍ന്ന് വാട്സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയില്‍ വിന്‍സ് മാത്യുവിനെ പ്രദീപ് ബ്ലോക്ക് ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എസ്.വി പ്രദീപിനെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചാനല്‍ ചീഫ് എഡിറ്റര്‍ കൂടിയായ വിന്‍സ് മാത്യു , കൂട്ടാളിയായ അനീഷ് രാജ് , അവതാരക മെഴ്സല്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ത്ത തയ്യാറാക്കി കര്‍മ്മ, പ്രവാസി ശബ്ദം ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചുവെന്നാണ് എസ്.വി പ്രദീപ് പറയുന്നത്.
നിരന്തരമായി വ്യാജവാര്‍ത്തകള്‍ ചെയ്ത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി കുറെനാള്‍ ആയി കര്‍മ്മ ന്യൂസ് നടത്തിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി കേസുകള്‍ പോലീസിലും കോടതിയിലും നിലവിലുണ്ട്. ഇത് ചാനല്‍ നടത്തിപ്പുകാരനായ അനീഷ് രാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വസനീയമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് മൂര്‍ച്ചയേറിയ വാക്കുകളോടെ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ഇത് കാണാനുള്ള ജിജ്ഞാസ വര്‍ദ്ധിക്കുമെന്ന തിരിച്ചറിവാണ് ഈ വഴിക്ക് നീങ്ങുവാന്‍ വിന്‍സ് മാത്യുവിന് പ്രചോദനമായത്. കൂടുതല്‍ ആളുകള്‍ വീഡിയോ കാണുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യ വരുമാനം ഫെയ്സ് ബുക്കില്‍ നിന്നും യു ട്യുബില്‍ നിന്നും ലഭിച്ചിരുന്നു. വരുമാനം കിട്ടിക്കഴിയുമ്പോള്‍ ഈ വീഡിയോ നീക്കം ചെയ്യുകയും പരാതിയുമായി വരുന്നവരോട് മാപ്പിരക്കുകയും ചെയ്യുന്ന നടപടിയാണ് നാളുകളായി സ്വീകരിച്ചുപോന്നത്. വീഡിയോ നീക്കം ചെയ്ത് ക്ഷമ ചോദിച്ചുകഴിഞ്ഞാല്‍ ആരും പരാതിയില്‍ ഉറച്ചുനില്‍ക്കാറില്ലായിരുന്നു. എന്നാല്‍ ബിലിവേഴ്സ് ചര്‍ച്ച് വിഷയത്തില്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റി. ഉന്നതര്‍ ഇടപെടുകയും വീഡിയോ പിന്‍വലിക്കുകയും ചെയ്തെങ്കിലും കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ സഭ തയ്യാറായില്ല.
വാട്ട്സ് അപ്പില്‍ കൂടിയും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കൂടിയും വ്യക്തികള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ഡൌണ്‍ ലോഡ് ചെയ്ത്, അത് ഒരു ആധികാരിക വാര്‍ത്തയെന്ന തോന്നല്‍ ഉണ്ടാക്കുന്ന തരത്തില്‍ മനോഹരമായി എഡിറ്റ് ചെയ്ത് അത് സ്വന്തം വാര്‍ത്തയായി പ്രചരിപ്പിക്കുകയാണ് കര്‍മ്മ ന്യുസ് ചെയ്തു വന്നത്. പുറത്തെ വീഡിയോകള്‍ ചിത്രീകരിക്കുവാന്‍ ഒരാള്‍പോലും ജീവനക്കാരായി ഇവര്‍ക്കില്ല. തന്നെയുമല്ല ക്യാമറയുടെ മുമ്പില്‍ മുഖം കാണിക്കുവാന്‍ വിന്‍സ് മാത്യു ഭയപ്പെടുന്നുമുണ്ട്. നിരവധി കേസുകള്‍ ഉള്ളതിനാല്‍ കേരളത്തില്‍ വരുന്നത് വിരളമാണ്. വന്നാല്‍ തന്നെ അതീവ രഹസ്യത്തിലുമാണ്. ജനങ്ങളെ വിഡ്ഢികളാക്കി പണം സമ്പാദിക്കുന്നതോടൊപ്പം ബ്ലാക്ക് മെയിലിംഗ് മുഖ്യവരുമാനം എന്ന നിലയിലും കാണുന്നുവെന്നാണ് സമീപ നാളുകളിലെ പരാതിയില്‍ നിന്നും ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി കേസ്സുകള്‍ കൂടുകയാണ്. വാര്‍ത്തകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ യു ട്യുബില്‍ നിന്നും ഫെയ്സ് ബുക്കില്‍ നിന്നും നിരവധിയാളുകള്‍ പിന്‍ വലിഞ്ഞു. അവതാരകരായ പെണ്‍കുട്ടികളും നിരവധി കേസുകളെ നേരിടുകയാണ്.
പത്തനംതിട്ട സ്വദേശി അനീഷ് രാജ് കര്‍മ്മയില്‍ നടത്തിപ്പിനായി എത്തിയതുമുതലാണ് വിന്‍സ് മാത്യുവിന്റെ ശനിദശ ആരംഭിക്കുന്നത്. മാധ്യമ രംഗത്ത് യാതൊരു പ്രവര്‍ത്തി പരിചയവും ഇല്ലാത്ത അനീഷിനെ ബ്ലാക്ക് മെയിലിംഗ് ഓപ്പറേഷന് വേണ്ടിയാണ് വിന്‍സ് മാത്യു കൂടെ കൂട്ടിയത്. ടൂറിസം മേഖലയില്‍ മാസ്സെജിംഗ് ജോലിയിലായിരുന്ന അനീഷ് രാജ് വാചക കസര്‍ത്തിലൂടെ കര്‍മ്മയുടെ ഓപ്പറേഷന്‍ ചുമതല കയ്ക്കലാക്കുകയായിരുന്നു. പിന്നീട് പല വാര്‍ത്തകളും ബ്ലാക്ക് മെയിലിംഗ് മാത്രം ഉദ്ദേശിച്ചായി. ഉന്നത ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും പേരുകള്‍ വരെ ഉപയോഗിച്ച് ഇയാള്‍ പലരെയും ഭീഷണിപ്പെടുത്തി. കേന്ദ്ര മന്ത്രി ബി. മുരളീധരന്റെ പേരുപോലും ഒരുമടിയുമില്ലാതെ പരസ്യമായി പറഞ്ഞുകൊണ്ടുള്ള ഭീഷണി വീഡിയോയും കര്‍മ്മ ചാനലിലൂടെ ജനങ്ങള്‍ കണ്ടിരുന്നു. എന്തായാലും മാധ്യമ ധര്‍മ്മം എന്തെന്നറിയാത്തവരെ വെച്ചുകൊണ്ട് ബ്ലാക്ക് മെയിലിംഗ് നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കുവാനുള്ള അതിമോഹം മാതൃഭൂമിയുടെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായിരുന്ന വിന്‍സ് മാത്യുവിനെ കുരുക്കിലാക്കിയിരിക്കുകയാണ്. വിന്‍സ് മാത്യുവിനെതിരെ വേറെ ചില കേസുകളും അന്വേഷണത്തിലേക്ക് നീങ്ങുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.
പിൻകുത്ത് :കത്തോലിക്കാ സഭയെ വേട്ടയാടുന്നത് എന്തിന് ?ലൈംഗിക വൈകൃതം കുമ്പസാര രഹസ്യത്തിലൂടെ പുറത്ത് പോയി എന്ന മിഥ്യാധാരണയോ ?പരാതികൾ പുറത്തായോ ?പ്രവാസി സംഘടനയുടെ മാധ്യമം തട്ടിയെടുത്ത സൂത്രധാരൻ ആര് ? തുടരും !!!