ദില്ലി: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പോലീസുകാരനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇയാളുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 40ഓളം കത്തികളാണ്. കത്തി വിഴുങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ചില ആത്മീയ ശക്തികളാണെന്ന് പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായ സുര്‍ജീത് സിംഗ് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന സുര്‍ജീത് സ്വമേധയാ കത്തികള്‍ വിഴുങ്ങുകയായിരുന്നു. താന്‍ എന്തു കൊണ്ടാണ് ഇപ്രകാരം ചെയ്തതെന്ന് അറിയില്ല. എന്നാല്‍ ചില ആത്മീയ ശക്തികളുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പാണ്. ആശുപത്രി കിടക്കയില്‍ നിന്ന് സുര്‍ജീത് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് സുര്‍ജീത് സിംഗ് നാല്‍പ്പത് കത്തികള്‍ വിഴുങ്ങിയത്. ഏഴ് ഇഞ്ച് നീളമുള്ള കത്തികള്‍ വരെ സുര്‍ജീത് സിംഗ് അകത്താക്കിയിരുന്നു. ചില കത്തികള്‍ മടങ്ങിയ നിലയിലും ചിലത് നിവര്‍ന്നിരിക്കുന്ന നിലയിലുമായിരുന്നു.
അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സുര്‍ജീത് സിംഗിന്റെ വയറ്റില്‍ നിന്ന് കത്തികള്‍ നീക്കം ചെയ്തത്. ദിവസം ഒരു കത്തി എന്ന കണക്കില്‍ താന്‍ വിഴുങ്ങിയതായി സുര്‍ജീത് സിംഗ് പറഞ്ഞു. കത്തികള്‍ വിഴുങ്ങുമ്പോള്‍ അത് അപകടമാകുമെന്ന് കരുതിയില്ലെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സിംഗ് പറഞ്ഞു.