റോം:കന്യാസ്ത്രീകളും വൈദികരും സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്യുന്നുണ്ടോ ? ഉണ്ടേലും ഇല്ലേലും സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് കന്യാസ്ത്രികള്‍ക്ക് മുന്നറിയിപ്പുമായി മാര്‍പാപ്പ.സോഷ്യല്‍ മീഡിയ നല്ലതാണെങ്കിലും അതില്‍ മുഴുകി കന്യാസ്തീകള്‍ ജീവിതലക്ഷ്യം ഇല്ലാതാക്കുകയാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറയുന്നു.
ട്വിറ്ററില്‍ 96 ലക്ഷത്തോളം പേരാണ് പോപ്പിനെ പിന്തുടരുന്നത്. ആശയവിനിമയത്തിന് സോഷ്യല്‍ മീഡിയ നല്ലതാണെന്നുതന്നെ പോപ്പ് കരുതുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിലൂടെ മതപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ കന്യാസ്ത്രീകള്‍ പരാജയപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
നമ്മുടെ ചിന്തകളെയും ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനെയും സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കുന്നുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ഒരു സമൂഹത്തെയും ഇതില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. ആശയവിനിമയത്തെയും ചിന്തകളുടെ രൂപപ്പെടുത്തലിനെയും ഡിജിറ്റല്‍ സംസ്‌കാരം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, അതില്‍ മുഴുകി സമയം പാഴാക്കുന്നത് കന്യാസ്ത്രീകളുടെ ജീവിതലക്ഷ്യം ഇല്ലാതാക്കുന്നുണ്ട്. സഭയ്ക്ക് പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട ജീവിതത്തെ ആ ലക്ഷ്യത്തില്‍നിന്ന് അകറ്റുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍നിന്ന് കന്യാസ്ത്രീകള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയെയും പുത്തന്‍ സാങ്കേതിക വിദ്യയെയും എന്നും പിന്തുണയ്ക്കുന്നയാളാണ് മാര്‍പാപ്പ. ഇക്കൊല്ലമാദ്യം ആപ്പിള്‍ സിഇഒ ടിം കുക്കിനെ പോപ്പ് വത്തിക്കാനിലേക്ക് ക്ഷണിച്ചിരുന്നു. ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും സന്ദേശങ്ങളും ദൈവത്തിന്റെ വരദാനമാണെന്നാണ് പോപ്പ് ആ അവസരത്തില്‍ അഭിപ്രായപ്പെട്ടത്.