പാലക്കാട്: പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന നോവല്‍ എഴുതിയ പി ജിംഷാറിനെ ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടെന്ന് വിവരം. ജിംഷാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ പെരുന്തിലാവ് സ്വദേശിയായ ജിംഷാറിന് ഞായറാഴ്ച രാത്രിയാണ് പാലക്കാട് കൂറ്റനാട് വെച്ച് അക്രമണം ഉണ്ടായത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ജിംഷാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിംഷാറിനെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വാട്സ്ആപ്പിന്റെ ഡിപി പുസ്തകത്തിന്റെ കവര്‍ ചിത്രമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വാട്സ്ആപ്പില്‍ ഭീഷണി നേരിടേണ്ടി വന്നു. ഇന്നലെ കൂനംമുച്ചിയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് ജിംഷാറിനെ ആക്രമിച്ചത്.
ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ പരിചയം പ്രകടിപ്പിച്ച് വന്ന് സംസാരിച്ചു. തുടര്‍ന്ന് മറ്റ് ആള്‍ക്കാര്‍ വരികയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ആക്രോശിച്ച് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ജിംഷാര്‍ പറയുന്നു. നിലത്തു വീണ ജിംഷാറിനെ ചവിട്ടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് ജിംഷാറിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഒമ്പത് കഥകള്‍ ചേര്‍ന്ന പുസ്തകമാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. ഒരുപാട് നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകത്തിലെ ഒരു കഥയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. അടുത്തമാസം അഞ്ചാം തീയതി എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തില്‍ ഡിസി ബുക്സാണ് കഥാസമാഹാരം പുറത്തിറക്കുന്നത്.