കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്.
വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം റെയ്ഡില്‍ കണ്ടെടുത്തതായും ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉള്‍പ്പെടെയുള്ള വസ്തുവകകളെക്കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും ഇഡി അറിയിച്ചു.
കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ പ്രസിഡന്റ് ബി പി അബ്ദുള്‍ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ അഷ്റഫ് എന്നിവരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിനുപുറമേ മൂന്നാര്‍ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സിആര്‍പിഎഫിന്റെ സാന്നിധ്യത്തില്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തായും ഇഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.