ജെറുസലെം: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലില്‍ എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍പ്രസിഡന്റ് ഇസ്രായേല്‍ സന്ദര്‍ശിക്കുനത്. ഇസ്രായേല്‍ പ്രസിഡന്റ് റോവന്‍ റിവ്‌ലിനുമായും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും രാഷ്ട്രപതി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇസ്രായേലിലെ ഇന്ത്യന്‍സമൂഹം സംഘടിപ്പിക്കുന്ന സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും.അതേസമയം കഴിഞ്ഞദിവസം അബൂദിസിലുള്ള അല്‍ ഖുദ്സ് സര്‍വകലാശാലയില്‍ ചടങ്ങിനെത്തിയ പ്രണബിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ ചടങ്ങ് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന്, അദ്ദേഹം ഇസ്രായേലിലേക്ക് പോയി. ‘ഇസ്രായേലിനെതിരെ പ്രസിഡന്‍റ് ശബ്ദമുയര്‍ത്തുക’, ‘അധിനിവേശക്കാരോട് എന്തിനീ സൗഹൃദം’ തുടങ്ങിയ വാചകങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് സര്‍വകലാശാലയുടെ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്.
ചടങ്ങിന്‍െറ തുടക്കത്തില്‍ പ്രസിഡന്‍റിനെ ആദരിക്കുകയും ‘സമാധാനപോരാളി’ എന്ന ബഹുമതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേരിട്ട സീനിയര്‍ ബോയ്സ് സ്കൂള്‍ ഉദ്ഘാടനം ചെയ്യാനൊരുങ്ങവെയായിരുന്നു പ്രതിഷേധം. ഈ സമയം, ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല ഉള്‍പ്പെടെയുള്ള പ്രമുഖരും വേദിയിലുണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ, ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്‍റ് ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്.