ന്യൂഡല്‍ഹി:മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇ. ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍നിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം.എന്നാല്‍ എന്‍.ഡി.എ വൃത്തങ്ങളില്‍ നിന്ന് ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.രാഷ്ട്രപതി സ്ഥാനാര്‍ഥിയെ എന്‍ഡിഎ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനാല്‍തന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയില്‍ തനിക്കൊപ്പം ശ്രീധരന്‍ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയില്‍നിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള ചര്‍ച്ച തുടരുകയാണ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സമിതിയിലുള്ളവര്‍.
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്‍റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയത്.


