
തിരുവനന്തപുരം: കൊല്ലം പരവൂര്‍ ക്ഷേത്ര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം തടസ്സമുണ്ടാക്കിയെന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രിക്ക് പെട്ടെന്ന് ഏര്‍പ്പെടുത്തിയ സുരക്ഷയാണോ പരവൂര്‍ മരണസംഖ്യ ഉയരാന്‍ കാരണമായിരിക്കുന്നതെന്നുള്ള ആരോപണങ്ങള്‍ വരെ ഉയര്‍ന്നു കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. യുഡിഎഫ് കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അനാവശ്യപ്രസ്താവനകള്‍ നടത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറയുന്നു. സര്‍ക്കാര്‍ പിന്തുണയില്ലാതെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം രാഷ്ടീയപ്രസ്താവനകള്‍ നടത്തില്ല.
ഉദ്യോഗസ്ഥരെക്കൊണ്ട് വിവാദമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ദുരന്തഭൂമിയിലേക്ക് നരേന്ദ്രമോഡി എത്തിയത് വെറുംകൈയോടെയല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് ആവശ്യമായ മരുന്നും ഡോക്ടര്‍മാരെയും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശനം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും ഉണ്ടായിരുന്നു. ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ലെന്ന് ലോകം മുഴുവന്‍ കണ്ടു. രാജ്യ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തതെന്ന് എല്ലാവരും അംഗീകരിച്ചിട്ടും വിവാദമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കലരാതിരിക്കാന്‍ ശ്രദ്ധിച്ച ബിജെപിയുടെ ആര്‍ജവം മറ്റ് രാഷ്ട്രീയനേതാക്കള്‍ തിരിച്ചറിയണം. നാടിന് ആപത്ത് ഉണ്ടാകുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ടത് ഉത്തരവാദിത്വമുള്ള ഏതൊരു രാഷ്ട്രീയ കക്ഷിയുടെയും ചുമതലയാണെന്ന ബോധത്തോടെയാണ് ബിജെപി പ്രവര്‍ത്തിച്ചത്. ആരെയും കുറ്റപ്പെടുത്താതെ സഹായം വാഗ്ദാനം ചെയ്യുകയും സേവനനിരതരാവുകയും ചെയ്ത് ബിജെപി. എന്നിട്ടും രാഷ്ട്രീയവിവാദം ഉണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇതില്‍ പങ്കില്ലെങ്കില്‍ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ആപത്തില്‍ സഹായഹസ്തവുമായി സ്വന്തം കടമ നിര്‍വഹിക്കാന്‍ ഓടിയെത്തിയ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വിവാദമാക്കുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പരവൂര്‍ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. ദേശീയ ശ്രദ്ധ ലഭിക്കുകയും സാമ്പത്തികസഹായം ലഭിക്കുകയും ചെയ്യും എന്നതാണ് ദേശീയദുരന്തമായി പ്രഖ്യാപിച്ചാല്‍ കിട്ടുന്ന നേട്ടം. പ്രഖ്യാപനം നടത്താതെ തന്നെ ഇതെല്ലാം നടന്നു കഴിഞ്ഞു. എന്ത് സഹായവും ഇനിയും നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
പ്രകൃതി ദുരന്തങ്ങളെയാണ് സാധാരണ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് അറിയാത്തവരല്ല ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. പരവൂരിലേത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. കാരണം സര്‍ക്കാരിന്റെ പിടിപ്പു കേടും. എന്നിട്ടും ചുരുങ്ങിയ സമയം കൊണ്ട് ഭരണകൂടത്തിന് ചെയ്യാനാവുന്നത് കേന്ദ്രസര്‍ക്കാര്‍ ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിവാദമാക്കാതെ ദുരന്തബാധിതര്‍ക്ക് വേണ്ട കൂടുതല്‍ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും ബിജെപി പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.