സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രിയങ്കയുടെ മരണത്തിന് കാരണമായത് ഉണ്ണിയുടെ അവസാനത്തെ ഫോൺ കോൾ. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതിയായ പൊലീസിനോട് സമ്മതിച്ചു.
കേസിൽ അറസ്റ്റിലായ ഉണ്ണി രാജൻ പി. ദേവിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വീഡിയോ കോൺഫറൻസിലൂടെയാണ് ഉണ്ണിയെ കോടതിയിൽ ഹാജരാക്കിയത്. നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
മെയ് പതിനൊന്നിന് പ്രിയങ്കയും തന്റെ അമ്മ ശാന്തമ്മയുമായി വാക്കേറ്റമുണ്ടായപ്പോൾ ഇടപ്പെട്ടു. ഇതിനിടെ പ്രിയങ്കയെ മർദ്ദിച്ചു. ഇതിന് പിന്നാലെയാണ് പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതെന്നും ഉണ്ണി പൊലീസിന് മൊഴി നൽകി.
സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നേരത്തെയും മാനസികമായും,ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പ്രതിയുടെ കുറ്റസമ്മതത്തിലുണ്ട്.വെമ്പായത്തെ വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മരിക്കുന്നതിന് തൊട്ടുമുൻപ് ഒരു ഫോൺ കോൾ വന്നിരുന്നു. ഇതിന് ശേഷമാണ് പ്രിയങ്ക മുറിയിൽ കയറി കതകടച്ച് ജീവനൊടുക്കിയത്.
പ്രിയങ്കയെ വിളിച്ചത് ഉണ്ണിയാണെന്നും ഫോണിലൂടെ രൂക്ഷമായി ശകാരിക്കുകയും നിന്നെ എനിക്ക് വേണ്ടെന്നും ഭാര്യയായി കരുതാനാകില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതതെന്നുമാണ് പൊലീസ് പറയുന്നത്.
നിലവിൽ ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഈ വകുപ്പുകൾ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും ചുമത്തിയിട്ടുണ്ട്. എന്നാൽ അവർ കൊവിഡ് പോസിറ്റീവായി കറുകുറ്റിയിലെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. ചികിത്സ കഴിഞ്ഞാൽ ഇവർക്കെതിരെയും നടപടി സ്വീകരിക്കും.