സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി; 12 കമ്പനികൾ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ

മുംബൈ: ബിജെപി തെറ്റായ വാഗ്ദാനങ്ങൾ നൽകി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തിന്റെ മൊത്ത സാമ്പത്തിക ഉല്പാദനം (ജിഡിപി) രണ്ടാം സാമ്പത്തിക പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 4.5 ശതമാനമായി കുറഞ്ഞതിനു പിന്നാലെയാണ് ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത് .വാഗ്ദാനങ്ങൾക്കു പിന്നാലെ വാഗ്ദാനങ്ങളാണ്, പ്രതിവർഷം 2 കോടി ജോലികൾ, വിളകളുടെ വില ഇരട്ടിയാക്കുക, നല്ല ദിവസങ്ങൾ, മേയ്ക്ക് ഇൻ ഇന്ത്യ, സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ ഡോളർ ആക്കുക, ഇതിൽ ഏതെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടോ? ഇന്ന് ജിഡിപി വളർച്ച 4.5% ആണ്. എല്ലാ വാഗ്ദാനങ്ങളും തെറ്റാണ്’– പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം 12 രാജ്യാന്തര കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേക്കു വരാൻ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോർപറേറ്റ് നികുതി 15 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് കമ്പനികളുടെ ഈ തീരുമാനമെന്നു ധനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോയ സാഹചര്യത്തിൽ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ കോർപറേറ്റ് നികുതി 10 ശതമാനം കുറച്ചിരുന്നു. കഴിഞ്ഞ 28 വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയധികം കുറവ് വരുത്തുന്നത്.നിലവിലുള്ള കമ്പനികൾക്കുള്ള നികുതി 22ൽ നിന്നു 30 ശതമാനവും 2019 ഒക്ടോബർ 1ന് ശേഷം രൂപീകരിക്കുന്ന കമ്പനികൾക്കും 2023 മാർച്ച് ഒന്നിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനികൾക്കും 25ൽ നിന്ന് 15 ശതമാനവുമായിട്ടാണ് കോർപറേറ്റ് നികുതി കുറച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈനയിൽ നിന്ന് പുറത്തു കടക്കാൻ താൽപര്യമുള്ള കമ്പനികളെ ബന്ധപ്പെടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. നിരവധി കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വരാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിൽ 12 കമ്പനികളുമായി നടത്തിയ ചർച്ചയിൽ അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനായി ഇന്ത്യൻ സർക്കാരിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നെന്ന് അറിയാൻ കഴിഞ്ഞു. അതിനനുസരിച്ച് ഇന്ത്യയിലെ സാഹചര്യം മാറ്റിയെടുക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു.

അതിനിടെ, 2024 ഓടെ ഇന്ത്യ 5 ട്രില്യൻ ഡോളറിന്റെ സാമ്പത്തികശേഷി ഇന്ത്യയ്ക്കുണ്ടാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം സാമ്പത്തിക രംഗം നിർവീര്യമായിരുന്നെങ്കിൽ അടുത്ത അഞ്ച് വർഷം നിരവധി നവീകരണ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക രാഷ്ട്രമായി വളരും. 2024 ഓടെ വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ മുപ്പതാം സ്ഥാനത്തെത്തുമെന്നും ദേശീയ മാധ്യമം നടത്തിയ പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

Top