ദില്ലി: ജനസമ്പർക്ക പരിപാടി നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധം. ലജ്പത് നഗറിലെ കോളനിയിൽ ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികൾ ഉയർന്നത്. സൂര്യ, ഹർമിയ എന്നീ യുവതികളാണ് ഗോ ബാക്ക് വിളികൾ ഉയർത്തിയത്. പ്രതിഷേധം അവസാനിച്ചതോടെ അമിത് ഷാ ഭവന സന്ദർശനം തുടർന്നു. അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ച് യുവതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ് നടപടി.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്താനായി ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് നടന്നു പോകുന്നതിനിടെയാണ് രണ്ട് യുവതികൾ ഉൾപ്പെടെയുള്ള ചില കോളനിവാസികൾ അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ചത്.ഒരു വീടിന്റെ മൂന്നാം നിലയിൽ നിന്നും പ്രതിഷേധിച്ച ഇവർ ഷെയിം എന്നെഴുതിയ ബാനർ മുകൾ നിലയിൽ നിന്നും തൂക്കുകയും ചെയ്തു. ഇതോടെ പ്രദേശത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരും യുവതികളും തമ്മിൽ വാക്കേറ്റം ഉണ്ടായി. യുവതികൾ തൂക്കിയ ബാനർ ബിജെപി പ്രവർത്തകർ എടുത്ത് മാറ്റുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ജനസമ്പർക്ക പരിപാടി. ഭവന സന്ദർശനം, രാജ്യവ്യാപകമായി വാർത്താ സമ്മേളനങ്ങൾ, ആയിരം റാലികൾ തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ.