ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച് നല്‍കിയ പരാതി തള്ളി . വി മുരളീധരന്‍ പ്രോട്ടോകള്‍ ലംഘനം നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് പരാതി നിലനില്‍ക്കില്ലെന്ന തീരുമാനത്തില്‍ പി.എം.ഒ എത്തിയത്.
വി. മുരളീധരന്റെ അറിവോടെ ചട്ടം ലംഘിച്ച് പി ആര്‍ കമ്ബനി മാനേജരായ സ്മിതാ മേനോന്‍ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തെന്നായിരുന്നു ആരോപണം. ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
വിവിധ മന്ത്രാലയങ്ങള്‍ക്ക് ഈ പരാതി നല്‍കി വിവരങ്ങള്‍ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയില്‍ പറയുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി വിവരങ്ങള്‍ തേടിയിരുന്നു. അബുദാബി ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ ഇതിന് മറുപടിയും നല്‍കി. മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് സ്മിതാ മേനോന്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തതെന്ന് വി മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം തെറ്റ് ചെയ്ത അബുദാബിയിലെ ഇന്ത്യന്‍ എംബസി തന്നെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മുരളീധരന് ഇപ്പോള്‍ ക്ലീന്‍ചീറ്റ് നല്‍കിയതെന്ന് സലിം മടവൂര്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് സലിം മടവൂര്‍.