നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി ഇന്ത്യ; ആനുകൂല്യം ലഭിക്കുക 99 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്

ന്യൂഡൽഹി:കോവിഡ് വാക്സിന്റെ രണ്ടു ‍ഡോസും എടുത്ത 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലെത്തുമ്പോഴുള്ള നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗ്രേറ്റ് ബ്രിട്ടൻ, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഓസ്ട്രേലിയ, ബെൽജിയം, ബംഗ്ലാദേശ്, ഫിൻലാൻഡ്, ക്രൊയേഷ്യ, ഹംഗറി, റഷ്യ, ഫിലിപ്പീൻസ്, ഖത്തർ, സിംഗപ്പൂർ, ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), തുർക്കി, തുർക്കി, നേപ്പാൾ തുടങ്ങിയ തൊന്നൂറ്റി ഒൻപത് രാജ്യങ്ങളിലെ യാത്രക്കാർക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.

യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ കൊടുക്കേണ്ടതാണ്. കൂടാതെ യാത്രക്കാർ ആർടി-പിസിആർ റിപ്പോർട്ടിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട ഒരു ഡിക്ലറേഷനും സമർപ്പിക്കേണ്ടതുണ്ട്. നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയിലെത്തിയ തീയതി മുതൽ 14 ദിവസത്തേക്ക് യാത്രക്കാർ അവരുടെ ആരോഗ്യനില സ്വയം നിരീക്ഷിക്കേണ്ടതുണ്ട്.

കൂടാതെ അവർക്ക് COVID-19 ന്റെ ലക്ഷണങ്ങൾ ഉണ്ടാകുകയോ, ടെസ്റ്റിൽ വീണ്ടും പോസിറ്റീവ് ആണെന്നു കണ്ടാൽ അവർ ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്‌ത് അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (1075)/സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഇക്കാര്യം അറിയിക്കേണ്ടതാണെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു.

ഒരു ഡോസ് വാക്‌സിനേഷൻ എടുത്തവരോ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരോ ആയ യാത്രക്കാർ ഇന്ത്യയിൽ എത്തുമ്പോൾ, അവരുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയക്കുകയും, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയുകയും വേണം. എട്ടാം ദിവസം വീണ്ടും കോവിഡ്-19 ടെസ്റ്റ് നടത്തി നെഗറ്റീവായാൽ, തന്നെയും അടുത്ത ഏഴ് ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

Top