സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ല; മുസ്ലീം വിരുദ്ധ പ്രസ്താവന വില്ലനാകുന്നു

51859_1471404549

തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ലെന്ന് സൂചന. മുന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആക്കാനുള്ള നീക്കം കമ്പനികാര്യ വകുപ്പ് തള്ളി. പദവിക്ക് പിള്ള ആയോഗ്യനാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

2013ല്‍ പാര്‍ലമെന്റ് പാസാക്കിയ കമ്പനി നിയമപ്രകാരം ഈ സ്ഥാനത്തേക്കു ബാലകൃഷ്ണപിള്ളയെ നിയമിക്കാനാവില്ല. എന്നാല്‍ 2017 ഫെബ്രുവരിക്ക് ശേഷം സര്‍ക്കാരിന് വേണമെങ്കില്‍ ബാലകൃഷ്ണ പിള്ളയെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാനും കഴിയും. പുതുക്കിയ കമ്പനി നിയമമനുസരിച്ച് ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാ കാലാവധി തീരുന്നതു മുതല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാലെ ആ വ്യക്തിയെ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറായി നിയമിക്കാന്‍ കഴിയുകയുള്ളൂ. കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടര്‍മാരെ നിയമിക്കുകയും പിന്നീട് ഡയറക്ടര്‍മാരിലൊരാളെ ചെയര്‍മാനാക്കുകയുമാണ് ചെയ്യുന്നത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാകാലാവധി കഴിഞ്ഞത് 2012 ഫെബ്രുവരിയിലാണ്. പുതുക്കിയ കമ്പനി നിയമപ്രകാരം പിള്ളക്കു 2017 ഫെബ്രുവരി വരെ സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകുന്നതില്‍ അയോഗ്യതയുണ്ടെന്നാണ് നിയമ വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ് പിള്ള. പത്താനാപുരത്ത് ഗണേശ് ജയിച്ചതും ഇടത് പിന്തുണയോടെയാണ്. മുന്നോക്ക് വിഭാഗ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പിള്ളയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് നല്‍കുന്നതിന് മുന്നോടിയായി നടത്തിയ നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉടക്ക് വയ്ക്കുന്നത്.

പിള്ളയെ ഡയറക്ടറാക്കുന്നതിനു വേണ്ടി മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെല്ലിനു അപേക്ഷ നല്‍കി. ബാലകൃഷ്ണപിള്ളക്ക് ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ നിയമം ചൂണ്ടിക്കാട്ടി കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെല്‍ ഈ അപേക്ഷ നിരസിച്ചിരുന്നു. ഇക്കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നെങ്കില്‍ കോര്‍പറേഷന്റെ രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കുമായിരുന്നു. ഇതോടെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രകമ്പനി നിയമം ലംഘിച്ചാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതെന്നും വ്യക്തമായി. അതിനിടെ സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്റെ നിയമം ഭേദഗതി ചെയ്ത് ചെയര്‍മാനായി നിയമിച്ചാല്‍ കമ്പനിനിയമം ബാധകമാകില്ലെന്ന നിര്‍ദ്ദേശം പിള്ള ഇടതു നേതൃത്വത്തിന് മുന്നില്‍വച്ചിട്ടുണ്ട്.

പിള്ളയുടെ നിയമനം ചോദ്യം ചെയ്ത് അന്നു പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കിയിരുന്നു. കേന്ദ്ര കമ്പനി നിയമത്തെ മറികടക്കാന്‍ നിയമമോ ഓഡിനന്‍സോ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ്. കത്തു നല്‍കിയത്. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി വന്നപ്പോള്‍ തെറ്റായ വിവരങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതെന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ അവസാന തീര്‍പ്പുണ്ടാകുന്നതിനു മുമ്പ് പിള്ള ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടാകാത്തത്. ഇത് മനസ്സിലാക്കിയാണ് പിണറായി സര്‍ക്കാര്‍ കരുതലോടെ നീങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ 2007വരെ മുന്നോക്ക ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണ പിള്ളയ്ക്ക് ലഭിക്കില്ല.

ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവു ചെയ്തതിനെതിരേ വി എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാകാത്തതും പിള്ളയുടെ ചെയര്‍മാന്‍ സ്ഥാനത്തിനു ഭീഷണിയാണ്. പത്തനാപുരം പ്രസംഗത്തിനെതിരേയുള്ള കേസുകള്‍പ്പെടെയുള്ള കേസുകളും പിള്ളക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ പ്രസംഗത്തോടെ ഇടത് നേതൃത്വത്തിന്റെ കണ്ണിലെ കരടായി പിള്ള മാറി. പ്രസംഗത്തില്‍ കേസെടുക്കാനും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ പിള്ളയ്ക്ക് സ്ഥാനം നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

Top