
ന്യൂഡൽഹി:ആയുധക്കരുത്തായ റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വ്യോമസേനയുടെ ഏറ്റവും പഴയ താവളമായ അംബാലയാണ് ഏറ്റവും പുതിയ യുദ്ധവിമാനത്തിന്റെ കേന്ദ്രമാകുന്നതെന്നതു മറ്റൊരു സവിശേഷത. പാക്ക്, ചൈന അതിർത്തികളിൽ നിന്ന് ഏറെക്കുറെ തുല്യദൂരമുള്ള അംബാലയിൽ നിന്ന് ഇരുവശത്തേക്കും ചുരുങ്ങിയ സമയത്തിൽ പറന്നെത്താൻ സാധിക്കും. സേനയുടെ ഗോൾഡൻ ആരോസ് 17 സ്ക്വാഡ്രനിലാണ് ശബ്ദത്തെക്കാൾ വേഗമുള്ള റഫാൽ ഉൾപ്പെടുന്നത്. സർവ മത പ്രാർഥനകൾക്കും പൂജയ്ക്കും ശേഷമാണ് റഫാലുകൾ ആകാശ അഭ്യാസങ്ങൾക്കായി പറന്നുയർന്നത്. പുതു വിമാനങ്ങളിലേക്ക് ജലം ചീറ്റിച്ച് വാട്ടർ സല്യൂട്ടും നൽകി. റഫാലിനും തേജസ്സിനും പുറമേ, സാരംഗ് ഹെലികോപ്റ്ററുകളും അഭ്യാസങ്ങളിൽ പങ്കെടുത്തു.
നമ്മുടെ പരമാധികാരത്തിൽ കണ്ണുവയ്ക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് റഫാൽ വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതിലൂടെ നൽകുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതൽ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലേക്ക് പുറപ്പെടുന്നതിന് മുൻപു രാജ്നാഥ് സിങ്ങും ഫ്ലോറൻസ് പാർലിയും ഡൽഹിയിലെ പലം എയർ ഫോഴ്സ് സ്റ്റേഷനിൽവച്ച് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഫ്ലോറൻസ് പാർലി പുഷ്പചക്രം അർപ്പിച്ചു.
2017 സെപ്റ്റംബറിലാണ് ഇന്ത്യക്കാവശ്യമായ പ്രത്യേക ആയുധ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയ 36 റഫാൽ വിമാനങ്ങൾ 59,000 കോടി രൂപയ്ക്കു അടിയന്തരമായി വാങ്ങാൻ കരാറായത്. എന്നാൽ, യുപിഎ സർക്കാർ നിശ്ചയിച്ചിരുന്ന തുകയെക്കാൾ ഉയർന്ന തുകയ്ക്കാണ് വാങ്ങുന്നതെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറി.