മൂന്ന് റഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് മൂന്ന് റഫേൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നു. നവംബർ 4 ന് അംബാല എയർ ബേസിലേക്ക് റഫേൽ വിമാനങ്ങൾ എത്തിച്ചേരുമെന്നാണ് വ്യോമസേന വൃത്തങ്ങൾ നൽകുന്ന സൂചന .റിപ്പോർട്ടുകൾ പ്രകാരം മൂന്ന് റഫേൽ ജെറ്റുകളും ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എത്തുകയാണ്. ഫ്രാൻസിലെ ഇസ്ട്രെസിൽ നിന്ന് ജാംനഗറിലേക്ക് ഇത്തവണ നേരിട്ടായിരിക്കും റാഫേലുകൾ എത്തുന്നതെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനവും ഒപ്പമുണ്ടാകും.

മൂന്നു റഫേൽ വിമാനങ്ങളെകൂടി സ്വീകരിക്കാനായി ഇന്ത്യൻ വ്യോമസേനയും തയ്യാറെടുക്കുകയാണ്. റാഫേലിനെ സ്വീകരിക്കുന്നതിനുള്ള ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്ട്) നയിക്കുന്ന വിദഗ്ധരുടെ സംഘമാണ്. വ്യോമസേന പൈലറ്റുമാർക്ക് ഫ്രാൻസിലെ സെന്റ് ഡിസിയർ എയർബേസിൽ പരിശീലനം നൽകിയിട്ടുണ്ട്.

നവംബർ 4 ന് മൂന്നു വിമാനങ്ങൾ കൂടി എത്തിയാൽ വ്യോമസേനയ്ക്ക് എട്ട് റഫേൽ ജെറ്റുകൾ സർവീസിലുണ്ടാകും. 59,000 കോടി രൂപ ചെലവിൽ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി സർക്കാരുകൾ തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. വിവിധ യുദ്ധങ്ങളിൽ കരുത്ത് തെളിയിച്ച റഫേൽ ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഗെയിം ചേഞ്ചർ ആണെന്നാണ് പ്രതിരോധ നിരീക്ഷകരുടെ അഭിപ്രായം.

Top