
റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ വാദത്തെ പിന്തുണച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷ ആരോപണം പൂര്‍ണമായും തെറ്റാണെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിലാണ് നിര്‍മല സീതാരാമന്‍ എജിയെ പിന്തുണച്ച് രംഗത്തെത്തിയത്.
പ്രതിപക്ഷം ആരോപിക്കുന്നതുപോലെ റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ലെന്നും ആരോപണം പൂര്‍ണമായും തെറ്റാണെന്നും അവര്‍ പറഞ്ഞു. റഫാല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു സുപ്രീം കോടതിയില്‍ വാദിച്ചതെന്നും പ്രതിപക്ഷം തെറ്റായ കാര്യങ്ങളാണു പ്രചരി പ്പിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിക്കപ്പെട്ടവയാണന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ വേണുഗോപാലിന്റെ വാദം. അതീവ രഹസ്യമായ ഈ രേഖകള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും വേണുഗോപാല്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് വിവാദമായതോടെ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് ഹര്‍ജിക്കാര്‍ ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.