റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ: ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളെജ് വിദ്യാര്‍ഥിനി റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ഥികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.പെണ്‍കുട്ടി റാഗിങ്ങിനിരയായതായി വ്യക്തമായിട്ടും കോളജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. റാഗിങ് നടന്നാല്‍ ഉടനെ വിവരം കോളജില്‍നിന്നു തന്നെ പൊലീസിനെ അറിയിക്കണമെന്നാണു ചട്ടം. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. അസ്‌നാസിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അപമാനിക്കാന്‍ ശ്രമിച്ചതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം റാഗിങ് നടന്നിട്ടില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് ആദ്യം പറഞ്ഞിരുന്നത്.സീനിയര്‍ വിദ്യാര്‍ഥികളായ അജ്നാസ്, മുഹസിന്‍, അദ്രാസ്, സുമയ്യ, ഹര്‍ഷിത, ഷമീഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താനക്കോട്ടൂര്‍, വടകര താഴെ അങ്ങാടി, കുനിങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആണ്‍കുട്ടികള്‍. വില്ല്യാപ്പള്ളി സ്വദേശികളായ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ കരിയാടുനിന്നുമുള്ളവരാണ് പെണ്‍കുട്ടികള്‍. ആറുപേരും മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. വൈദ്യ പരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
ആത്മഹത്യാ പ്രേരണ, റാഗിങ് നിരോധനനിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്നാണ് റാഗിങ്ങിനു കേസെടുത്തത്.വടകരയ്ക്കടുത്ത ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനി തോടന്നൂര്‍ തയ്യുള്ളതില്‍ അഷ്നാസാണ് ആത്മഹത്യ ചെയ്തത്. ജൂലൈ 22നു വൈകിട്ട് കോളെജില്‍നിന്നെത്തിയ അഷ്നാസിനെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മന്ത്രി ടി.പി. രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഷ്നാസിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയോട് വളരെ വികാരപരമായാണ് പിതാവ് ഹമീദും മാതാവ് ഹയറുന്നിസയും സംസാരിച്ചത്. “”ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്. അവരെന്‍റെ കുട്ടിയെ കൊന്നതാണ്. അതങ്ങനെ ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ അനുവദിക്കില്ല. വീടും പറമ്പും വിറ്റായാലും നീതിക്കു വേണ്ടി ഏതറ്റം വരെയും പോകും. എന്‍റെ മകളെ അവര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ആയിരക്കണക്കായ കോളെജ് വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകരും സീനിയര്‍ വിദ്യാര്‍ഥികളും ഒരുപോലെ അപമാനിച്ചു. നീതി ഉറപ്പുവരുത്തേണ്ട അധ്യാപകര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വഴങ്ങി അവളെക്കൊണ്ട് മാപ്പ് പറയിച്ചു. കുട്ടികള്‍ ബാത്ത്റൂമിലിട്ട് വാതിലടച്ചു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് പെണ്‍കുട്ടികള്‍തന്നെയായിരുന്നു. ഒന്നിനെയും വെറുതേ വിടരുത്…’’, ഹമീദ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ കോളെജിലെത്തിയത്. ബുധനാഴ്ച, ഒന്നാം വര്‍ഷക്കാരെ പരിചയപ്പെടുന്നതിനിടെ, അഷ്നാസ് ആളു മാറി ഒരു സീനിയര്‍ വിദ്യാര്‍ഥിയോടു പേരു ചോദിച്ചിരുന്നു. ഇതോടെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ അഷ്നാസിനെതിരേ തിരിഞ്ഞത്.
“”വെള്ളിയാഴ്ച കോളജിലെത്തുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപകരും അവളെ കാത്തിരിക്കുകയായിരുന്നു. പരസ്യമായി ശകാര വര്‍ഷവും പരിഹാസവും വിചാരണയും നടന്നു. അതില്‍ മനംനൊന്താണ് തിരിച്ചെത്തി ആത്മഹത്യ ചെയ്തത്. കോളെജിലെ ഒരു കുട്ടി മരിച്ചാല്‍ കാണിക്കേണ്ട മര്യാദപോലും കോളജ് അധികൃതരുടെയോ അധ്യാപകരുടെയോ ഭാഗത്തുനിന്നുണ്ടായില്ല. ആരും തിരിഞ്ഞു നോക്കിയില്ല. ഞങ്ങള്‍ക്ക് നീതികിട്ടണം…’’, ഹയറുന്നിസ പറയുന്നു.
സീനിയര്‍ വിദ്യാര്‍ഥികളുടെ പരാതിപ്രകാരം അധ്യാപകര്‍ അഷ്നാസിനെ മൈതാനത്തു കൊണ്ടുനിര്‍ത്തി പരസ്യമായി മാപ്പു പറയിച്ചു എന്നാണ് വിവരം. തുടര്‍ന്ന് കരഞ്ഞുകൊണ്ട് ക്ലാസിലെത്തിയപ്പോഴും അവഹേളനം തുടര്‍ന്നു. ബാത്ത്റൂമില്‍ പോയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ പുറത്തുനിന്നു പൂട്ടി. ക്ലാസിലെ ഏക ആണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവനെ പെണ്‍കുട്ടികള്‍ മര്‍ദിച്ചു എന്നും ഒരു സഹപാഠി പറയുന്നു. പ്രതിഷേധം വ്യാപകമായതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാ ണ്.

Top