പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിടപറയല്‍ ചടങ്ങിന് മദ്യ സല്‍ക്കാരം; ചോദ്യംചെയ്യലില്‍ പൊലീസിനെ കുഴപ്പിച്ച് വിദ്യാര്‍ഥികള്‍

നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വിടപറയല്‍ ചടങ്ങിനിടെ മദ്യ സല്‍ക്കാരം നടന്നതായി കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സെന്റ് ഓഫ് പാര്‍ട്ടിയില്‍ മദ്യപിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ സഹപാഠികളായ പെണ്‍കുട്ടികളെ ശല്യം ചെയ്യാനും കളിയാക്കാനും തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂളിലെ അധ്യാപകരാണ് പത്തോളം വരുന്ന ആണ്‍കുട്ടികളെ പിടികൂടിയത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ കുട്ടികള്‍ക്ക് ആരാണ് മദ്യം കൊടുത്തതെന്നോ എവിടെ നിന്നാണ് ലഭിച്ചതെന്നോ പൊലീസിനോട് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടില്ല. നിരന്തരം ചോദ്യം ചെയ്തിട്ടും ഇവര്‍ ഇത് പൊലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഇവര്‍ക്ക് മദ്യം നല്‍കിയതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കുട്ടികളുടെ രക്ഷിതാക്കളെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ നിസ്സഹകരണം തുടര്‍ന്നതോടെ പൊലീസ് താക്കീതും ഉപദേശവും നല്‍കി വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Top