ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ സൈന്യം ഒരു മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും അതെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ ഭീഷണി. ശത്രുക്കളുടെ പാളയത്തില്‍ നിന്നുള്ള ഏതുതരത്തിലുള്ള ആക്രമണവും തടയാന്‍ പാക് സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറയുന്നു. സൈനിക മേധാവി പദവി ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പരാമര്‍ശങ്ങളുമായുള്ള റഹീല്‍ ഷരീഫിന്റെ രംഗത്തു വന്നിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ഒരു മിന്നലാക്രമണത്തിനു തുനിഞ്ഞാല്‍, അത് അവിടുത്തെ വരും തലമുറകള്‍പോലും മറക്കില്ലെന്നായിരുന്നു ഷരീഫിന്റെ മുന്നറിയിപ്പ്. അത്തരമൊരു ആക്രമണം പാകിസ്താന്‍ നടത്തിയാല്‍, എന്താണ് മിന്നലാക്രമണമെന്നതിന്റെ ഉദാഹരണമായി ഇന്ത്യന്‍ സ്‌കൂളുകളില്‍പോലും പഠിപ്പിക്കുന്നതിന് അവരുടെ സിലബസുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒന്നായിരിക്കും അതെന്നും ജനറല്‍ റഹീല്‍ ഷരീഫ് പറഞ്ഞു.
അതോടൊപ്പം, ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നുചെന്ന് പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം വീണ്ടും തള്ളിക്കളഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ ഒരു പാഠം പഠിപ്പിക്കുന്നതിന് പാക് സൈന്യത്തിന് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ പാകിസ്താനിലെ സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന എതിര്‍രാജ്യത്തിന്റെ ശൈലി വച്ചുപൊറുപ്പിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാകിസ്താനിലെ പൊതുഗതാഗത സംവിധാനത്തെയും ആംബുലന്‍സുകളെയും ലക്ഷ്യമിടുന്നതും അംഗീകരിക്കില്ലെന്നും സ്വാതന്ത്ര്യത്തിനായുള്ള കശ്മീര്‍ ജനതയുടെ പോരാട്ടത്തില്‍ അവരെ ഒരിക്കലും കൈവിടില്ലെന്നും നവാസ് ഷരീഫ് പറഞ്ഞിരുന്നു