കൊച്ചി: ശബരിമല സ്ത്രീ പ്രേവശന വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ സന്നിധാനം അശുദ്ധമാക്കി നട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള സമര രീതികള്‍ തയ്യാറാക്കിയിരുന്നെന്ന വെളിപ്പെടുത്തല്‍. സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കുന്നതായിരുന്ന ഒരു പദ്ധതി. അതിനായി 20 പേരെ തയ്യാറാക്കി നിര്‍ത്തിയിരുന്നെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി.
മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി എന്നാണ് രാഹുല്‍ പറയുന്നത്. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും-രാഹുല്‍ പറഞ്ഞു.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയില്‍ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. സുപ്രീം കോടതി അനുകൂല വിധി നല്‍കിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എന്നാല്‍ ഈ തുറന്ന് പറച്ചിലിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കുന്നത്. രക്തം വീഴ്ത്തുകയാണ് പ്ലാന്‍ ബി എങ്കില്‍ മല വിസര്‍ജനം ചെയ്യുന്നതാണോ പ്ലാന്‍ സി യും ഡിയും എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം. കൂടാതെ ഇത്തരത്തില്‍ അശുദ്ധമാക്കുന്നതില്‍ തെറ്റില്ലേ എന്നും ചോദിക്കുന്നവരുണ്ട്. സ്ത്രീകള്‍ കയറിയാല്‍ എന്ത് അശുദ്ധി എന്നതാണ് മറ്റൊരു ചോദ്യം. ഈ പ്ലാന്‍ ക്രൂരതയാണെന്നും അങ്ങനെ എങ്കില്‍ ഇതിനെക്കള്‍ ക്രൂരമായ പ്ലാനുകളാണോ അടുത്തുള്ളതെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.