ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വ്യത്യസ്തമായ വിവാദങ്ങളാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ യാത്രയുടെ കൂടുതല്‍ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ബേസ് ക്യംപില്‍ മറ്റു യാത്രക്കാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ഞുമൂടിയ കൈലാസ പര്‍വതത്തിന്റെ പശ്ചാത്തലത്തിലുള്ള രാഹുലിന്റെ ചിത്രവുമാണ് പുറത്തുവിട്ടത്.
ഒപ്പം മറ്റു യാത്രികര്‍ക്കൊപ്പം നില്‍ക്കുന്ന വിഡിയോയും പുറത്തുവന്നു. ശിവനാണ് പ്രപഞ്ചം എന്ന അടിക്കുറിപ്പോടെയാണ് കൈലാസ പര്‍വതത്തിന്റെ വിഡിയോ രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കൈലാസ മാനസരോവര്‍ യാത്രയുടേത് എന്ന പേരില്‍ പുറത്തുവന്ന ചിത്രം വ്യാജമാണ് എന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത ഊന്നുവടിയും പിടിച്ചു സഹയാത്രികനൊപ്പം നില്‍ക്കുന്ന രാഹുലിന്റെ ചിത്രത്തെ ചൊല്ലിയാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം.
ഊന്നുവടിയുടെ നിഴല്‍ പതിച്ചിട്ടില്ലാത്തതിനാല്‍ ചിത്രം കൃത്രിമമാണെന്ന് അദ്ദേഹം ആരോപിച്ചത്. നേരത്തെ ചെനയുമായുള്ള ബന്ധമാണ് രാഹുലിനെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബിജെപിയുടെ വാദം ഉന്നയിച്ചിരുന്നു. ഇതിനുശേഷം മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ‘ഇവിടെ വെറുപ്പ് ഇല്ല’ എന്ന അടിക്കുറിപ്പോടെ മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ‘ആര്‍ക്കും ഈ ജലം കുടിക്കാം. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന, പ്രശാന്തതയോടെ ഒഴുകുന്ന തടാകമാണിത്’-മാനസരോവറിനെ കുറിച്ച് രാഹുല്‍ എഴുതി. കഴിഞ്ഞ 31ന് ആരംഭിച്ച തീര്‍ഥയാത്ര പൂര്‍ത്തിയാക്കി ഈ മാസം 12നു രാഹുല്‍ മടങ്ങിയെത്തും.