ന്യൂഡൽഹി : ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് ഇപ്പോൾ നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ. ഇരു ഇന്ത്യകളും തമ്മിലുള്ള അന്തരം അനുദിനം വർധിച്ചു വരികയാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘നിങ്ങൾ മെയ്‌ക് ഇൻ ഇന്ത്യയെ പറ്റി സംസാരിക്കുന്നു. ചെറുകിട, മധ്യ വ്യവയാസങ്ങൾ ഇതിനകം തച്ചുടച്ചു. പിന്നെങ്ങനെ മെയ്‌ക് ഇൻ ഇന്ത്യ സാധ്യമാകും? ചെറുകിട വ്യവസായങ്ങൾക്കാണ് രാജ്യത്ത് തൊഴിൽ കൊണ്ടുവരാൻ സാധിക്കുക. കേന്ദ്രം സ്റ്റാൻഡ് അപ് ഇന്ത്യ, മെയ്‌ഡ് ഇൻ ഇന്ത്യ എന്നെല്ലാം പ്രഖ്യാപിക്കുന്ന വേളയിൽ തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്‌മ പെരുകുകയാണ്.
രണ്ട് വിഭിന്നമായ ഇന്ത്യകൾ സൃഷ്ടിക്കപ്പെട്ടതിന് കാരണം കേന്ദ്രത്തിന്റെ ദിശാബോധമില്ലാത്ത നയങ്ങളാണ്. ഇന്ത്യയിൽ രാജഭരണം തിരികെ കൊണ്ടുവരാനുള്ള ബിജെപി ശ്രമം വിലപ്പോവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അംബാനിയെയും അദാനിയെയും രാഹുൽ വിമര്‍ശിച്ചു. ഇരട്ട ‘എ’ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ട് കളിക്കുകയാണ്.
രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആർഎസ്എസും ബിജെപിയും ദുർബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സർക്കാർ ചെയ്തതെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാമെന്ന നിങ്ങളുടെ വ്യാമോഹം ഒരിക്കലും നടക്കില്ല. അശോകനും മൗര്യനുമെല്ലാം ഇന്ത്യ ഭരിച്ചത് ഫെഡറൽ മൂല്യങ്ങളിൽ ഉറച്ചതു നിന്നു തന്നെയാണ്. സംഭാഷണങ്ങളിലൂടെയും നയതന്ത്രങ്ങളിലൂടെയുമാണ് അവർ ഇന്ത്യ ഭരിച്ചത്. തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാൻ നിങ്ങൾക്കാവുമോ എന്നും രാഹുൽ ചോദിച്ചു.
എന്റെ മുതുമുത്തച്ഛൻ 15 കൊല്ലം ജയിലിൽ കിടന്നു. എന്റെ അമ്മൂമ്മ 32 തവണ വെടിയേറ്റാണ് മരിച്ചത്. എന്റെ അച്ഛൻ കത്തിച്ചാമ്പലാവുകയായിരുന്നു. ഞാൻ പറയുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ വളരെ അപകടകരമായ കാര്യമാണ് ചെയ്യുന്നത്. ഇത് നിർത്തണമെന്നാണ് എന്റെ ഉപദേശം. ഇത് നിർത്തിയില്ലെങ്കിൽ പ്രശ്നങ്ങൾ സംഭവിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.