കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ റാലി; ഭരണഘടന അട്ടിമറിക്കുന്നതിനെതിരെയാണ് പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ പ്രതിഷധം. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഉത്തര്‍ പ്രദേശില്‍ റാലി നടത്താനൊരുങ്ങി ബിജെപി എംപി സാധ്വി സാവിത്രി ബായ് ഫൂലെ. ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കപെടാതിരിക്കാന്‍ സംരക്ഷണം എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 1ന് ലഖ്നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനിലാണ് റാലി നടത്തുക.

‘അവര്‍ ഭരണഘടന മാറ്റുമെന്ന് പറയുന്നു. അവര്‍ സംവരണം എടുത്തുകളയുമെന്നും പറയപ്പെടുന്നു. ബാബാസാഹിബിന്റെ ഭരണഘടന അപകടത്തിലാണ്’, സാധ്വി സാവിത്രി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ, സംവരണത്തെ അനുകൂലിക്കുന്ന എല്ലാവരെയും റാലിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എംപി വ്യക്തമാക്കി. ദലിതരുടെ അവകാശങ്ങള്‍ക്കായുള്ള സമരമാണിത്. സംവരണമില്ലായിരുന്നുവെങ്കില്‍ തനിക്ക് പാര്‍ലമെന്റിലെത്താന്‍ കഴിയില്ലായിരുന്നു. ദലിതര്‍ക്ക് ഡോക്ടറോ രാഷ്ട്രപതിയോ ഒന്നും ആവാന്‍ കഴിയില്ലായിരുന്നുവെന്നും സാധ്വി സാവിത്രി അഭിപ്രായപ്പെട്ടു.

ദലിതര്‍ക്ക് ബിജെപി പരിഗണന നല്‍കുന്നുണ്ടെന്ന സാധ്വിയുടെ മുന്‍ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ആര്‍ക്കെതിരെയുമുള്ള യുദ്ധമല്ലെന്നായിരുന്നു മറുപടി. വോട്ട് ചെയ്ത ഭൂരിപക്ഷത്തിന്റെ സ്വാധീനം സര്‍ക്കാരിന്മേല്‍ ഉണ്ടായേക്കാം. ആരോടും ദേഷ്യമില്ലെന്നും നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ നിലകൊള്ളണമെന്ന് തിരിച്ചറിയുന്നുവെന്നും എംപി വ്യക്തമാക്കി.

ബിഎസ്പിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സാധ്വി സാവിത്രി പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. 2012ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബല്‍ഹ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. ഇപ്പോള്‍ ബഹ്‌റൈച്ച് എംപിയാണ്.

Top