ന്യൂദല്‍ഹി: സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ .എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെയെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധി.മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വരികയായിരുന്നു . യു.പി മുഖ്യമന്ത്രി ബുദ്ധിയില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്.
‘എന്നെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടും വാര്‍ത്തയും ഫയല്‍ ചെയ്യുന്ന, ബി.ജെ.പി ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകളുടെ വലിയ കുറവ് വരും.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന പോസ്റ്റ് ട്വീറ്റു ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.‘സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഇതാണ് നടപടിക്ക് കാരണമായത്.
എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീട് ലഖ്നൗവിലേക്ക് മാറ്റിയെന്നാണ് വിവരം.
അറസ്റ്റ് ചെയ്യാനെത്തിയവര്‍ യൂണിഫോമിലല്ലായിരുന്നെന്നും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ചില്ലെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞിരുന്നു. പൊലീസുകാരാണെന്ന് അറിയിക്കാതെ പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചിരുന്നു.