ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാഴ്ചത്തെ സമയം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ സോണിയ ഇന്ന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സമയം തേടി ഇ.ഡിക്ക് കത്ത് നല്‍കിയത്.
അതേസമയം വയനാട് എം പി രാഹുൽ ഗാന്ധി ഈ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂൺ 13നാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 13ന് ഹാജരാകാൻ രാഹുലിനോട് ആവശ്യപ്പെട്ടത്.
ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇ.ഡി ആസ്ഥാനത്തെത്തുകയെന്നാണ് വിവരം. ഇതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരോടും പി.സി.സി അധ്യക്ഷന്മാരോടും എം.പിമാരോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. നാളെ ഓണ്‍ലൈനായി നടക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെയും പി.സി.സി അധ്യക്ഷന്മാരുടെയും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.
നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.
യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയത് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരാമാണ് നടപടികൾ പുരോഗമിക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ഒരു വലിയ രാഷ്‌ട്രീയ സംഭവമാക്കി മാറ്റി മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതായാണ് വിവരം. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും കഴമ്പില്ലാത്തതാണെന്നുമാണ് കോൺഗ്രസിന്റെ വാദം.