രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; കെ സി വേണുഗോപാലിന്‍റെ ചരട് വലി; ഭയപ്പെടുന്നില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐ ഗ്രൂപ്പിന്‍റെ ചരട് വലിക്കുന്ന കെസി വേണുഗോപാലിന്‍റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. വയനാട്ടിൽ ശക്തമായ മത്സരം ഇടത് മുന്നണി നടത്തും. ഇടത് മുന്നണിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത് കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡിലും തിരക്കിട്ട ആലോചനകൾ നടക്കുന്നതായാണ് വിവരം. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് എഐസിസി പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. എഐസിസിസി വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് മാധ്യമങ്ങളെ കാണുന്നത്. ഈ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് വെളിപ്പെടുത്തിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ പ്രചാരണം തുടങ്ങിയ ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ച്, രാഹുൽ ഗാന്ധിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

രാഹുൽ വരുന്നതോടെ കേരളം യുഡിഎഫ് തൂത്തുവാരുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വവുമായും കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വവുമായും എ കെ ആന്‍റണിയും കെ സി വേണുഗോപാലും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയവിനിമയം നടത്തി. രാഹുൽ ഗാന്ധി ഇപ്പോൾ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പ്രചാരണ ചുമതല അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ മുകുൾ വാസ്നിക് അടക്കമുള്ള നേതാക്കളെ എഐസിസി ചുമതലപ്പെടുത്തി.

അടുത്തിടെ കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോഴാണ് കെപിസിസി നേതാക്കൾ രാഹുൽ ഗാന്ധിയോട് കേരളത്തിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം ലീഗ് നേതാക്കളും അന്ന് ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെട്ടു. താൻ ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്ന് തന്നെയാണ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിൽ നിന്ന് മാറി നിൽക്കാനാവില്ല എന്നുമാണ് അന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് മറുപടി നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് തനിക്ക് കൂടുതൽ പ്രചാരണം നടത്തേണ്ടതെന്നും കേരളത്തിലേക്ക് മത്സരിക്കാൻ എത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

വയനാട് സീറ്റിൽ തട്ടി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായപ്പോഴും കേരളത്തിൽ നിന്ന് മത്സരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കെപിസിസി നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. തമാശ രൂപേണെയാണ് കേരള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും രാഹുലിന്‍റെ മനസ് അറിയുകയായിരുന്നു ലക്ഷ്യം. അന്നും രാഹുൽ തീരുമാനം മാറ്റാൻ തയ്യാറായില്ല. വയനാട് കോൺഗ്രസിന്‍റെ ഉറച്ച സീറ്റാണെന്ന് തനിക്കറിയാമെന്നും അമേഠിയിൽ നിന്നുതന്നെ മത്സരിക്കുമെന്നും രാഹുൽ അന്നും ആവർത്തിച്ചു.

പിന്നീട് പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലെ ഒന്നാമത്തെ പേരും രാഹുലിന്‍റേതായിരുന്നു. നെഹ്രു കുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന മണ്ഡലമായ ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്നാണ് രാഹുൽ മത്സരിക്കുന്നത്. അമേഠിയെക്കൂടാതെ വയനാട്ടിൽ നിന്നുകൂടി രാഹുൽ മത്സരിക്കണം എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആവശ്യം.

ഉത്തർ പ്രദേശിൽ ഇപ്പോൾ കോൺഗ്രസിന് അനുകൂലമായ സാഹചര്യം അല്ലെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. അമേഠിയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബെറേലിയിലും കോൺഗ്രസിന് ജയിക്കാനാകും എന്നുതന്നെയാണ് കോൺഗ്രസിന്‍റെ വിലയിരുത്തലെങ്കിലും അമേഠിയിൽ ശക്തമായ മത്സരം നടക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി.

2004ൽ തന്നെ ശക്തമായ മത്സരത്തിലൂടെ അമേഠിയിൽ രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാൻ സ്മൃതി ഇറാനിക്ക് ആയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ഒരു വർഷമായി അമേഠിയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി അവിടെ ബിജെപിയുടെ ശക്തി കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി രണ്ടാമത് ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായം കോൺഗ്രസ് നേതാക്കൾക്ക് ഇടയിലുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top