ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസറ്റീവ് റിപ്പോർട്ടുകൾ ഓരോ ദിവസവും കൂടുകയാണ് .കേന്ദ്ര സർക്കാരിന്റെ പാളിച്ചകളെ ഓരോ ദിവസവും ചൂണ്ടിക്കാണിക്കാറുണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം മറയാക്കി തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു . കോവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്‌ദം അടിച്ചമര്‍ത്തുന്നതിനും മനുഷ്യാവകാശങ്ങള്‍ കവരുന്നതിനും ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പല സംസ്‌ഥാനങ്ങളും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ്. നമ്മള്‍ ഒരുമിച്ച് കോവിഡ് വൈറസിനെതിരേ പോരാടുകയാണ്. എന്നാല്‍, ഇത് മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്നതിനും സുരക്ഷിതമല്ലാത്ത ജോലിസ്‌ഥലങ്ങള്‍ അനുവദിക്കുന്നതിനും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്‌ദം അടിച്ചമര്‍ത്തുന്നതിനും ഒരു ഒഴികഴിവായിരിക്കില്ല. ഈ അടിസ്‌ഥാന തത്വങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ കഴിയില്ല” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു….
ഗുജറാത്ത്, യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങള്‍ തൊഴിലുടമകള്‍ക്കു അനുകൂലമായ രീതിയില്‍ നിയമനങ്ങളില്‍ ഇളവു വരുത്തിയിരുന്നു. ആനുകൂല്യങ്ങള്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്ന വിധത്തില്‍ ഇളവുകള്‍ നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.