ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയിരുന്നു. ഇപ്പോള്‍ അതേ മാധ്യമ പ്രവര്‍ത്തകന് ഐക്യദാര്‍ഢ്യം പ്രപഖ്യാപിച്ച് കത്തെഴുതിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഫാലിലെ മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്‌ഖേമിനാണ് രാഹുല്‍ കത്തയച്ചത്.
ഭരണമുപയോഗിച്ച് ഭിന്നസ്വരങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്നും മണിപ്പൂര്‍ ജനതയുടെ ഭരണാഘടനാപരമായ അവകാശങ്ങളെ ബിജെപി സര്‍ക്കാര്‍ തച്ചുടയ്ക്കുന്നതിന് നാം ഏതാനും മാസങ്ങളായി സാക്ഷ്യം വഹിക്കുകയാണെന്നും കിഷോര്‍ ചന്ദ്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്രയെ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് ശിക്ഷ.മണിപ്പൂര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കളിപ്പാവയാണെന്നായിരുന്നു വീഡിയോയില്‍ കിഷോറിന്റെ ആരോപണം.