February 11, 2016 4:42 pm
By : Indian Herald Staff
ഇടതുപക്ഷത്തിനൊപ്പമാണ് രഞ്ജി പണിക്കരുടെ രാഷ്ട്രീയം. പഠനകാലത്തെ എസ്എഫ്‌ഐ നേതാവിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇന്നും പ്രതീക്ഷ തന്നെയാണ്. എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ(എം) സ്ഥാനാർത്ഥിയായി രഞ്ജി പണിക്കർ മത്സരിക്കുമെന്ന് വാർത്തകളെത്തും. ഇത്തവണ അതിന് ചൂടു പകരുന്ന തലത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ യാത്രയുടെ പ്രെമോ വിഡിയോവിൽ രഞ്ജി പണിക്കരുടെ ശബ്ദവുമെത്തി. ഇതിനിടെയിൽ തന്റെ മനസ്സിലെ രാഷ്ട്രീയത്തെ കുറിച്ച് രഞ്ജി പണിക്കർ മനസ്സ് തുറക്കുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനോടുള്ള സമീപനവും ഈ സിനിമാ്ക്കാരൻ തുറന്നു പറയുന്നു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായി രഞ്ജിത്തിന്റെ രാഷ്ട്രീയം പറച്ചിൽ.
രാഷ്ട്രീയക്കാർക്കു ചുറ്റമുള്ള ആൾക്കുട്ടത്തിന്റെ രഹസ്യമെന്ത് എന്ന ചോദ്യത്തിന് രഞ്ജി നൽകുന്ന മറുപടിയും ശ്രദ്ധേയമാണ്. ലീഡർ കെ കരുണാകരനുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹവുമായി ഇടയ്ക്കിടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ മൂഡോഫായി കണ്ടു. എന്തുപറ്റി ലീഡറേയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇന്നാരും എന്നെക്കാണാൻ വന്നില്ലെടോ അതുകൊണ്ട് ഒരു മൂഡില്ല. രാഷ്ട്രീയക്കാർക്ക് എപ്പോഴും ചുറ്റും പ്രവർത്തകർ ഉണ്ടാകണം. ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കാനാണ് അവർക്ക് താൽപര്യം. പൊതുവേ മുതിർന്ന നേതാക്കന്മാരുടെ വീടുകളിൽ പുലർച്ചെ മുതൽ സന്ദർശകർ ഉണ്ടാകും. അങ്ങനെ ബഹളങ്ങൾക്കും തിരക്കുകൾക്കും നടുവിൽ നിൽക്കാനാണ് രാഷ്ട്രീയക്കാർക്കിഷ്ടം-രഞ്ജി പറയുന്നു.
ഞാനേറ്റവും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവ് തച്ചടി പ്രഭാകരനാണ്. അദ്ദേഹം ആദർശധീരനും സാമൂഹ്യ പ്രതിബദ്ധതയുള്ള നേതാവുമായിരുന്നു. എന്നാൽ ആലപ്പുഴക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവ് പികെ ചന്ദ്രാനന്ദനുമായിട്ടാണ് ഞാൻ കൂടുതൽ അടത്ത് ഇടപെട്ടിട്ടുള്ളത്. അദ്ദേഹവുമായി ദീർഘകാലം ഞാൻ നല്ല ബന്ധം പുലർത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. നല്ലു മുഖ്യമന്ത്രിയും മികച്ച രാഷ്ട്രീയ നേതാവുമാണ് ഉമ്മൻ ചാണ്ടി. പക്ഷേ, ഈ സർക്കാരിന്റെ അവസാന ഘട്ടമായപ്പോൾ അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും ഭരണപ്രവർത്തനങ്ങളിൽ പല തരത്തിലുള്ള വിഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നാണ് നിഗമനം.
കുരുണാകരനേയും ഉമ്മൻ ചാണ്ടിയേയും ഇങ്ങനെ എല്ലാം പറയുന്ന രഞ്ജി വി എസ് അച്യുതാനന്ദനെക്കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെയാണ്- വി എസ് അച്യുതാനന്ദനോട് എനിക്ക് വ്യക്തിപരമായി യോജിക്കാനാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും അദ്ദേഹം നല്ല നേതാവും ജനകീയനുമാണ്. ഈ തെരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കുമോ എന്നതിനും മറുപടിയുണ്ട്. അത് സംബന്ധിച്ച് എനിക്കൊന്നും അറിയില്ല. എന്തായാലും ഞാൻ എന്റെ പേര് ഉയർത്തിക്കൊണ്ടുവരില്ല. ചില തെരഞ്ഞെടുപ്പുകളിൽ എന്റെ പേര് ഉയർന്നുവരാറുണ്ടെന്നും സമ്മതിക്കുന്നു. ബാർ കോഴ ഒരു കെട്ടുകഥയല്ലെന്നും അതിൽ അവിശ്വാസം തോന്നേണ്ട കാര്യമില്ലെന്നും രഞ്ജി പറയുന്നു. സോളാറിനെ അധികരിച്ച് സിനിമ ചെയ്യാനുള്ള സാധ്യതയും രഞ്ജി പങ്കുവയ്ക്കുന്നുണ്ട്.
തിരക്കഥാ രചനയെക്കുറിച്ച് പറയുന്നത് ഇങ്ങനെ -ഏതെങ്കിലുമൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഞാൻ തിരക്കഥയെഴുതുന്നത്. അല്ലാതെ ഏതെങ്കിലുമൊരു കഥയെ ആശ്രയിച്ചല്ല. എന്റെ സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മലയാള സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിട്ടുള്ള തിരക്കഥാകൃത്താണെങ്കിലും എഴുതുന്ന കാര്യത്തിൽ ഇപ്പോഴും മടിയാണ്. നല്ല ഡിമാന്റും തിരക്കും ഉണ്ടായിരുന്ന സമയത്തുപോലും അഞ്ച് തിരക്കഥകളാണ് ഞാൻ എഴുതിയത്.