
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 14പേര്‍ക്ക്.വൈറസ് ബാധിതരുടെ എണ്ണം 105 ആയി.കൊറോണ രോഗബാധ സംശയിച്ച് കാസർകോഡ് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ. തിരുവനന്തപുരത്തുള്ള തന്റെ വീട്ടിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഡൽഹിയിൽ നിന്നും സംസ്ഥാനത്തേക്ക് വന്ന വിമാനത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോടൊപ്പം കൊറോണ വൈറസ് ബാധിച്ച ഒരാൾ യാത്ര ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാസർകോഡ്എം.പി ഐസൊലേഷനിൽ കഴിയാനായി തീരുമാനിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 14പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകയും ഉണ്ട്. ആറു പേർ കാസർകോട് ജില്ലക്കാരാണ്. രണ്ടുപേർ കോഴിക്കോടും എട്ടു പേർ ദുബായിൽ നിന്ന് വന്നവരുമാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു.കെയിൽ നിന്നും വന്നവരിൽപ്പെടുന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്.