തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. ചെങ്ങന്നൂരിലലാണ് ഇതിന്റെ ഗൂഢാലോചന നടന്നതെന്നും യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് സംബന്ധിച്ച് ധാരണയുണ്ടായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. എന്നാല്‍ ഇതിലും വലിയ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ നേതാക്കള്‍ വരെ ഈ നീക്കം അറിഞ്ഞിരുന്നുവെന്നും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്ക് രാഹുല്‍ ഗാന്ധിയെ ഇക്കാര്യം അറിയിച്ചില്ലെന്നുമാണ് യുവനേതാക്കളുടെ പരാതി.
അതേസമയം രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതില്‍ പ്രതിഷേധിച്ച് പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ വി.എം സുധീരന് പിന്തുണ വര്‍ദ്ധിക്കുന്നു. കോണ്‍ഗ്രസ്സ് അണികള്‍ക്കിടയിലും പൊതു സമൂഹത്തിനിടയിലും മാത്രമല്ല, നേതാക്കള്‍ക്കിടയില്‍ പോലും സ്വീകാര്യത കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസിനെ കീറിമുറിച്ച് മാണിക്ക് മുന്നില്‍ അടിയറവ് വച്ചതിനെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്തതും യു.ഡി.എഫ് യോഗത്തില്‍ നിന്നും പരസ്യമായി ഇറങ്ങി പോന്നതുമാണ് സുധീരന്റെ ‘മാര്‍ക്കറ്റ് ‘ഉയര്‍ത്തിയിരിക്കുന്നത്.സംസ്ഥാനത്ത് പൊതുസമൂഹത്തിനിടയില്‍ ക്ലീന്‍ ഇമേജുള്ള ഏക കോണ്‍ഗ്രസ്സ് നേതാവും സുധീരന്‍ തന്നെയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സുധീരനെ രാഹുല്‍ ഗാന്ധി കെ.പി.സി.സി അദ്ധ്യക്ഷനാക്കിയിട്ടും ഗ്രൂപ്പു നേതൃത്വങ്ങള്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ചെയ്തിരുന്നത്.
അധികാര സ്ഥാനങ്ങളോട് എന്നും അകലം പാലിച്ചിരുന്ന സുധീരന്‍ വിട്ടുവീഴ്ച ചെയ്ത് കസേരയില്‍ കടിച്ചു തൂങ്ങിയിരിക്കാന്‍ തയ്യാറായതുമില്ല.രാജ്യസഭ സീറ്റ് മാണിക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന കലാപം സുധീരന്റെ നേതൃത്വത്തില്‍ ഒരു പുതിയ ശാക്തിക ചേരി രൂപം കൊള്ളാനുള്ള സാധ്യതയെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ ഗ്രൂപ്പുകളുടെ ഭാഗമായവര്‍ പോലും സുധീരന്‍ ‘ബദല്‍’ സംവിധാനം ഒരുക്കിയാല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന നിലപാടിലാണ്.
പ്രശ്‌നം ലഘുകരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്ത നിലപാടുകള്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മൂന്നു പേരുടെയും ശവപ്പെട്ടി സ്ഥാപിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രോഷം തീര്‍ത്തത്.വീരേന്ദ്രകുമാറിന് രാജ്യ സഭാ സീറ്റും ആര്‍.എസ്.പിക്ക് കൊല്ലം സീറ്റും നല്‍കിയത് ചൂണ്ടിക്കാണിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച എം.എം.ഹസ്സന്റെ നിലപാടിനെതിരെയും സുധീരന്‍ ആഞ്ഞടിച്ചു.ഈ രണ്ടു സംഭവങ്ങളെയും കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതുമായി കൂട്ടിക്കെട്ടേണ്ടന്ന് പറഞ്ഞ സുധീരന്‍ ഉച്ചവരെ മാണിക്ക് സീറ്റു നല്‍കില്ലന്ന് പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തത് ദൂരൂഹമാണെന്നും തുറന്നടിച്ചു.
കെ.പി.സി.സി എക്‌സിക്യുട്ടീവിന്റെ അംഗീകാരം കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കുന്നതില്‍ ഉണ്ടായിട്ടുണ്ടെന്ന് അന്ന് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന സുധീരന്‍ ചൂണ്ടിക്കാട്ടി. കെ.പി.സി.സി അധ്യക്ഷനായിരിക്കെ തനിക്കെതിരെ നീങ്ങിയവരാണ് ഇപ്പോള്‍ അണികളെ അവഗണിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രിക്കെതിരെ കൊട്ടാര വിപ്ലവം നടത്തിയവര്‍ പഴയ ചരിത്രം ഓര്‍ക്കണമെന്നും സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു.സംസ്ഥാന കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ പൊട്ടിത്തെറി പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിലും ഇനി നിര്‍ണ്ണായകമാകും.
അതേസമയം സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ ആരോപിച്ചു. എല്ലാം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് നടന്നതെന്നുമാണ് കുര്യന്‍ ആരോപിക്കുന്നത്. നേരത്തെ തന്നെ യുവ എംഎല്‍എമാരെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കുര്യനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിപ്പോള്‍ പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ് കുര്യന്‍.
കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്ക് ചതിച്ചെന്നാണ് വിടി ബല്‍റാം ഹൈബി ഈഡനും അടക്കമുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വാസ്‌നിക്കിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി പ്രളയമാണ്. അതേസമയം മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിനെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. രാഹുലിനാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. വാസ്‌നിക്കിനോട് രാഹുല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്ക് ഒന്നുമറിയില്ലെന്ന് നിലപാടാണ് മുകുള്‍ വാസ്‌നിക്ക് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് പിജെ കുര്യന്‍. ഉമ്മന്‍ചാണ്ടിക്കെതിരെയാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത.് മാണിക്ക് സീറ്റ് നല്‍കുന്ന ഉമ്മന്‍ ചാണ്ടി തന്നെ ഫോണില്‍ പോലും അറയിച്ചില്ല. യുഡിഎഫിലെ മറ്റുള്ള നേതാക്കളെ ഉപയോഗിച്ചാണ് അദ്ദേഹം തനിക്കെതിരെ കളിച്ചത്. കാര്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധറിപ്പിക്കുകയാണ് അദ്ദേഹം. രാഷ്ട്രീയമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ പോലും ചെയ്ത് തരാത്തയാളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. മാണിയില്ലെങ്കില്‍ തോല്‍ക്കുമെന്ന് വരെ അദ്ദേഹം നേതൃത്വത്തോട് പറഞ്ഞതാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും കുര്യന്‍ തുറന്നടിച്ചു.
കേരളത്തിലെ പ്രശ്‌നത്തില്‍ തല്‍ക്കാലം ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നാണ് സൂചന. രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാന നേതാക്കള്‍ തന്നെ പരിഹരിക്കട്ടെയെന്നാണ് രാഹുലിന്റെ നിലപാട്. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇടപെടാമെന്നാണ് പ്രതിഷേധിക്കുന്ന നേതാക്കളോട് രാഹുല്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം വാസ്‌നിക്കിനെ മാറ്റണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ വസ്തു രാഹുലിനെ അറിയിക്കുന്നതില്‍ വാസ്‌നിക് പരാജയപ്പെട്ടെന്നാണ് നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞിട്ടും ഇത് രാഹുലിനോട് പറയാതെ വാസ്‌നിക് മറച്ചുവച്ചതായും ഇവര്‍ ആരോപിക്കുന്നു.
സംസ്ഥാന നേതൃത്വും വാസ്‌നിക്കിന് പുറമേ മാറ്റണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പ്രശ്‌നമുണ്ടാവുന്ന സാഹചര്യത്തില്‍ നേതാക്കളുടെ അഭിപ്രായമെന്താണെന്ന് കൃത്യമായി അധ്യക്ഷനെ അറിയിക്കാന്‍ വാസ്‌നിക്ക് തയ്യാറാവണം. അതല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും യുവനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കുര്യനെ തണുപ്പിക്കാന്‍ ചെന്നിത്തല തിരുവല്ലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.
യുവനേതാക്കള്‍ക്കൊപ്പം വിഎം സുധീരനും കലിപ്പിലാണ്. സീറ്റ് വിട്ടുകൊടുത്തതിന് പിന്നില്‍ വന്‍ അട്ടിമറി നടന്നെന്നാണ് സുധീരന്‍ ആരോപിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് കെസി ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. സുധീരന്റെ പ്രതികരണം സമനില തെറ്റിയവരെ പോലെയാണെന്ന് കെസി ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന് സുധീരന്‍ പിന്തിരിയണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാകണമെന്ന് കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ പറഞ്ഞയാളാണ് സുധീരന്‍. അത് മറക്കരുതെന്നും കെസി ജോസഫ് വ്യക്തമാക്കി. അതേസമയം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്നു നേതാക്കളാണ് കോണ്‍ഗ്രസിനോട് ഈ ചതി ചെയ്തതെന്നും സുധീരന്‍ ആരോപിച്ചിരുന്നു.