ഹരിയാന: ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല് റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ മത്സരിക്കാനെത്തിയ ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിക്കൂട്ടിയ രാഖി സാവന്ത് ഇന്ന് പുതിയ ആരോപണവുമായി രംഗത്തെത്തി. തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം.
കഴിഞ്ഞ ദിവസമാണ് ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി താരത്തിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടുന്ന വീഡിയോ വൈറലായത്. ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചതും ഇടിച്ച് നിലത്തിടുകയായിരുന്നു ഗുസ്തിക്കാരി. നടുവിനും വയറിനും ഇടി കിട്ടിയ രാഖിലെ പോലീസും അവിടെ കൂടി നിന്നവരും താങ്ങിക്കൊണ്ട് പോകുന്നതായി വീഡിയോയില്‍ കാണാമായിരുന്നു.
ഇന്ന് താന്‍ ചികിത്സയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് രാഖി തനുശ്രീ ദത്തയ്ക്കെതിരെ ആരോപണമുന്നയിച്ചത്.
ഇന്നലെ നടന്ന സംഭവം നാടകമാണെന്ന തരത്തില്‍ വലിയ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. രാഖിയും ഗുസ്തി താരവും തമ്മില്‍ ധാരണയില്‍ എത്തിയതിന് ശേഷമാണ് മത്സരം നടന്നതെന്ന് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.