മുംബൈ: ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാംദാസ് അത് വാലെ. രാഹുല്‍ ഗാന്ധി ഇനി പപ്പു അല്ല, അദ്ദേഹം തെരഞ്ഞടുപ്പു പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുക്കുകയാണ്. ആത്മവിശ്വാസത്തോടെയാണ് രാഹുലിന്റെ പ്രവര്‍ത്തികളെന്നും ഒരു നല്ല നേതാവായി മാറാന്‍ രാഹുലിന് എല്ലാ ആശംസകളും നേരുന്നതായും അത് വാലെ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ദലിതരുടെ വീടുകളില്‍ ഭക്ഷണം കഴിക്കുന്നു. എന്റെ അറിവനുസരിച്ച് രാഹുല്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ ദലിത് സമുദായത്തില്‍ ധാരാളം വിദ്യാസമ്പന്നരും അനുയോജ്യരുമായ പെണ്‍കുട്ടികളുണ്ട്. ഈ നിര്‍ദ്ദേശം അദ്ദേഹത്തിന് മാത്രമേ അംഗീകരിക്കാനാവൂ കേന്ദ്രമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍ നിന്നും ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെങ്കില്‍ രാഹുല്‍ ജാതി നോക്കാതെ വിവാഹം കഴിക്കണം. സമൂഹത്തിന് മുന്നില്‍ രാഹുല്‍ തന്റെ ആദര്‍ശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. ഞാന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.