കണ്ണൂര്‍: കത്തിനില്‍ക്കുന്ന ശബരിമല വിഷയത്തില്‍ കേരള ജനത എത്തരത്തിലാണ് പ്രതികരിക്കുക എന്നതിന് പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ ഫലം വ്ക്തമായ സൂചനയാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും അഭിമാനിക്കാവുന്ന വിജയമാണ് ലഭിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ ഉപേക്ഷിച്ച ബിജെപി ശബരിമല വിഷയമായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കിയത്.
എന്നാല്‍ പ്രചാരണത്തിന് വേണ്ടത്ര ഫലം ലഭിച്ചില്ലെന്നാണ് വോട്ടെണ്ണിയപ്പോള്‍ തെളിയുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ഓരോവീടും കയറിയാണ് ശബരിമലയെപ്പറ്റി ക്യാമ്പയിന്‍ നടത്തിയത്. സ്ത്രീകളുടെ പ്രത്യേക സ്‌ക്വാഡിനെയും അവര്‍ പലയിടത്തും രംഗത്ത് ഇറക്കിയിരുന്നു. എന്നാല്‍ അതൊന്നും വോട്ടിങ്ങില്‍ ഏശിയിട്ടില്ല.
ശബരിമല സമരത്തിന്റെ ഭാഗമായി പരോക്ഷമായെന്നോണം ന്യുനപക്ഷ വോട്ടുകള്‍ ഇടതുമുന്നണിയിലേക്ക് കൂടുതലായി വരുന്നതിന്റെ വ്യക്തമായ സൂചന ഈ തെരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. മൃദു ഹിന്ദുത്വ സമീപനം കൈക്കൊണ്ട കോണ്‍ഗ്രസിനാണ് ഈ കളിയില്‍ എറ്റവും പരിക്കേറ്റത്. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകളാണ് ആലപ്പുഴയില്‍ ബിജെപി പിടിച്ചത്. തൃശൂരിലെ പറപ്പൂക്കര പഞ്ചായത്തിലെ സിറ്റിങ്ങ് വാര്‍ഡായ പള്ളം എല്‍ഡിഫ് പിടിച്ചെടുത്തത് ബിജെപിക്കും ആഘാതമായി.
ആലപ്പുഴ ജില്ലക്ക് പുറത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് ആയിട്ടില്ല. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശബരിമല സമരം കത്തിനിന്ന പത്തനംതിട്ടയിലും പന്തളത്തുംപോലും ദയനീയമായിരുന്നു ബിജെപിയുടെ പ്രകടനം. പന്തളം നഗരസഭയിലെ പത്താംവാര്‍ഡില്‍ വെറും പന്ത്രണ്ടുവോട്ടാണ് ബിജെപിക്ക് കിട്ടിയത്. പത്തനംതിട്ട 13ാം വാര്‍ഡില്‍ ബിജെപിക്ക് നേടാനായത് 7 വോട്ടുകള്‍ മാത്രമാണ്. ശബരിമല സമരം ജനം ഏറ്റെടുത്തിട്ടില്ല എന്നതിന് തെളിവായാണ് സിപിഎം നേതാക്കള്‍ ഇത് ഉന്നയിക്കുന്നത്.
അതേസമയം സിപിഎമ്മിനും തിരിച്ചടിയേറ്റത് പത്തനംതിട്ടയിലാണ്. രണ്ട് സിറ്റിങ്ങ് സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.ഇവിടെ ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്. അതേസമയം എറണാകളും തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ തിളങ്ങുന്ന പ്രകടനമാണ് എല്‍ഡിഎഫ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളില്‍ വോട്ട് കൂട്ടത്തോടെ എല്‍ഡിഎഫിലേക്ക് ഒഴുകിയെന്ന് വോട്ടിങ്ങ് പാറ്റേണ്‍ വ്യക്താമാക്കുന്നു. ശബരിമല സമരം പരോക്ഷമായ ന്യൂനപക്ഷ ധ്രുവീകരണത്തിലേക്കാണ് വഴിയിടുന്നത്.
കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലെ ഫലം ഇതിന്റെ സൂചകമാണ്. 8040വോട്ട് പോള്‍ ചെയ്തതില്‍ എല്‍ ഡി എഫ് 4116വോട്ട് നേടി. യു ഡി എഫിന് 2924വോട്ട് നേടി 1192വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭൂരിപക്ഷം 229വോട്ട് ആയിരുന്നു. 1138വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794വോട്ടും, 428വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ 206വോട്ടുമാണ് ലഭിച്ചത്.
എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തം ജയിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇവിടെ മൂന്നു വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. രണ്ട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതില്‍ 437 േവാട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് തൃപ്പൂണിത്തുറയിലെ 49ാംവാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തത്. ബിജെപിക്ക് 287 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ഇവിടെ ശബരിമലമാത്രമായിരുന്നു പ്രധാന പ്രചാരണമെന്നും വ്യക്തമായ രാഷ്ട്രീയ സൂചകമാണ് ഈ വിധിയെന്നും എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു.


