ആലപ്പുഴ : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ അതിയായി ആഗ്രഹിച്ചുവെന്ന് രമേശ് ചെന്നിത്തല .ആഗ്രഹം പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല.ഇനിയും മുഖ്യമന്ത്രിയാകാൻ ശ്രമം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നുവെങ്കിലും മുഖ്യമന്ത്രിയാകാനുള്ള തന്റെ ശ്രമം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ മുഖ്യമന്ത്രിയാവും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ഒരിക്കൽ ആ ലക്ഷ്യം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് സ്‌കൂള്‍ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല മുഖ്യമന്ത്രിയാവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും ചെന്നിത്തല പറയുന്നു. ഇപ്പോഴും മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. മുഖ്യമന്ത്രിയാവാനുള്ള ലക്ഷ്യം വിജയം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആ ലക്ഷ്യം ഒരിക്കല്‍ നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷിച്ചിരുന്നു എന്നാണ് ചെന്നിത്തലയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഹൈക്കമാന്‍ഡിന് ഈ നിലപാടില്ലെന്ന് വ്യക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഹൈക്കമാന്‍ഡ് ചെന്നിത്തലയെ മാറ്റിയിരുന്നു. കോണ്‍ഗ്രസ് അവിടുന്നങ്ങോട്ട് കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴുന്നതാണ് കണ്ടത്. പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുകയായിരുന്നു. കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്ന ശേഷമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സംസ്ഥാന കോണ്‍ഗ്രസില്‍ അപ്രസക്തമായി. കഴിഞ്ഞ ദിവസം പാര്‍ട്ടി ചുമതലകളെല്ലാം ഒഴിഞ്ഞ് ചെന്നിത്തല പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.
ഇതിനിടെ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണത്തെ തള്ളി ചെന്നിത്തല രംഗത്ത് വന്നിട്ടുണ്ട്. ജനപ്രിയരായ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയപരമായി സിപിഎമ്മിന് നേരിടാന്‍ കഴിയില്ല എന്നു വരുമ്പോള്‍ അവര്‍ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകള്‍ കൊണ്ടും പ്രതിപക്ഷ നേതാക്കളെ തകര്‍ക്കാന്‍ ഇറങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരത്തില്‍ ഓരോ അഴിമതിയും തുറന്നു കാണിച്ചതിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട വ്യക്തിയാണ് താനെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്.
സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകള്‍ ചൂണ്ടിക്കാണിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കള്ള കേസുകള്‍ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയെന്ന് മനസ്സിലാക്കണം. ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോള്‍ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവെന്നാണ്. സുധാകരന്‍ അത്തരമൊരു നേതാവാണെന്നും ചെന്നിത്തല പറഞ്ഞു.
നിലവില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനും കളം നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലയുടെ ഈ ആഗ്രഹം നടക്കുമോ എന്നറിയില്ല. സാധാരണ പ്രതിപക്ഷ നേതാവാകുന്നവര്‍ പിന്നീട് അധികാരം കിട്ടുമ്പോള്‍ മുഖ്യമന്ത്രിയാവുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ആ സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമോ എന്ന് ഉറപ്പ് പറയാനാവില്ല. നേരത്തെ ചെന്നിത്തല നിര്‍ദേശിച്ച പേരുകള്‍ അടക്കം ഡിസിസി പുനസംഘടനയില്‍ അടക്കം ഹൈക്കമാന്‍ഡ് വെട്ടിയിരുന്നു.