ന്യൂഡല്‍ഹി: രാഷ്ട്രപതിയായ അധികാരമേറ്റ ശേഷം ഏറ്റവും ആദ്യമായി പരിഗണയ്‌ക്കെത്തിയ ദയാഹര്‍ജി റാം നാഥ് കോവിന്ദ് തള്ളി. ഒരു കുടുംബത്തിലെ ഏഴു പേരെ ചുട്ടുകൊന്ന ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയാണ് തള്ളിയത്.
വിജേന്ദ്ര മഹ്തോ എന്നയാളെയും കുടുംബത്തെയുമാണ് ജഗത് റായി തീകൊളുത്തിക്കൊന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. 2006ലാണ് വിജേന്ദ്രയെയും കുടുംബത്തെയും ജഗത് തീകൊളുത്തിക്കൊന്നത്. 2005ല്‍ പോത്തുകളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജഗത് റായിക്കും വസീര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെ വിജേന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വിജേന്ദ്രയെ സമീപിച്ചുവെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ജഗത് റായി വിജേന്ദ്രയുടെ വീടിന് തീയിടുകയായിരുന്നു.
വിജേന്ദ്രയുടെ ഭാര്യയും അഞ്ചുകുട്ടികളും ഉടന്‍ മരിക്കുകയും ഗുരുതരമായി പൊള്ളലേറ്റ വിജേന്ദ്ര കുറച്ചുമാസങ്ങള്‍ക്കു ശേഷവും മരിക്കുകയും ചെയ്തു. ജഗത് റായിക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ബിഹാര്‍ ഹൈക്കോടതിയും സുപ്രീം കോടതി 2013ലും ശരിവച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ദയാഹര്‍ജിക്കായി സമീപിച്ചത്.
എന്നാല്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയായിരുന്നു. 2018 എപ്രില്‍ 23നാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു. ജൂലായില്‍ രാഷ്ട്രപതിസ്ഥാനത്തെത്തിയ ശേഷം രാംനാഥ് കോവിന്ദ് പരിഗണിച്ച ദയാഹര്‍ജിയായിരുന്നു ഇത്.