പാലക്കാട്: പാലക്കാട് എംപി കോൺഗ്രസിന് മാത്രമല്ല കേരളത്തിന് മൊത്തം ബാധ്യതയാകുന്നു.ഇത് നിയന്ത്രിച്ചില്ല എങ്കിൽ കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വരും .കോൺഗ്രസിന് ഓരോ ദിവസവും തലവേദനയാവുകയാണ് ഈ ജനപ്രതിനിധി .പാട്ട് പാടിയാണ് പാർലമെന്റ്് തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ പടി കടന്നത് ആലത്തൂരിന്റെ അനിയത്തിക്കുട്ടി. വിവാദങ്ങളിലൂടെ വിജയം പിടിച്ചു വാങ്ങിയ രമ്യ ഹരിദാസ് എന്ന എം.പി ഇപ്പോൾ നാട്ടുകാർക്ക് ഭാരമായി മാറിയിരിക്കുകയാണ്. ആലത്തൂരിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ തന്നെ, രമ്യ ഹരിദാസിനെതിരെ വിവാദം നിറഞ്ഞ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ വിജയരാഘവനാണ് കോൺഗ്രസിന് തളികയിൽ വച്ച് ആലത്തൂർ സീറ്റ് നൽകിയത്. അന്ന് പാട്ടുപാടി സാധാരണക്കാരുടെ മനസ് കീഴടക്കിയ രമ്യ, വിവാദത്തിന്റെ പച്ചയിലാണ് വിജയം പിടിച്ചു വാങ്ങിയത്.
കോൺഗ്രസ് പാർട്ടി സംസ്ഥാനം മുഴുവൻ ഉപയോഗിക്കുന്ന രീതിയിൽ രമ്യയെ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും, അഹങ്കാരവും കയ്യിലിരുപ്പും കൊണ്ട് രമ്യ തൊട്ടതെല്ലാം വിവാദമാക്കി മാറ്റുകയായിരുന്നു. ഏറ്റവും ഒടുവിൽ ഇപ്പോൾ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെയാണ് രമ്യ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചത്. ഇത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്യുകയും, മർദിക്കുകയും ചെയ്യാനും തയ്യാറായി. ഇത് കൂടാതെ ഇയാൾക്കെതിരെ വ്യാജ പീഡന ആരോപണം ഉന്നയിക്കുകയും ചെയ്തു ഇവർ.
ഇതിനു മുൻപ് രമ്യ നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. തന്നെ സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നത് അടക്കമുള്ള വ്യാജ ആരോപണങ്ങളും രമ്യ ഉയർത്തിയിരുന്നു. ഇതെല്ലാം വ്യാജമാണ് എന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ രമ്യ പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്. നേരത്തെയുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രമ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ ആക്രമണവും ഉണ്ടായിരുന്നു.
എല്ലാ വിഷയങ്ങളിലും താൻ ഒരു പെണ്ണാണ് എന്ന പ്രിവിലേജ് വ്യാജപമായി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് രമ്യ ചെയ്യുന്നത്. ഇത്തരത്തിൽ വ്യാജ പ്രചാരണത്തിന് തന്റെ ജാതിയെയും രമ്യ ഉപയോഗിക്കുന്നുണ്ട്. എം.പി ആണ് എന്നതും, രാഷ്ട്രീയമായ തന്റെ നിലപാടുകളും ഒന്നും നോക്കാതെയാണ് വ്യാജ പ്രചാരണം രമ്യ നടത്തുന്നത്. കോൺഗ്രസ് പാർട്ടിയിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രമ്യയ്ക്ക് ചെറുപ്പത്തിൽ തന്നെ കൃത്യമായ അംഗീകാരം ലഭിച്ചത്.
എന്നാൽ, ഈ അംഗീകാരം ലഭിച്ചത് അഹങ്കാരമാക്കി മാറ്റിയിരിക്കുകയാണ് രമ്യ. രമ്യ ഉൾപ്പെടുന്ന വിവാദങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഈ കാര്യം മനസിലാകുന്നതുമാണ്. രമ്യയുടെ വിവാദങ്ങലെല്ലാം പക്വതയില്ലായ്മയിൽ നിന്നും ഉടലെടുത്തതുമാണ്. ഈ സാഹചര്യത്തിൽ രമ്യയ്‌ക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അക്ഷരാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയെ തന്നെ പ്രതിരോധത്തിലാക്കുകയാണ്. കയ്യിൽക്കിട്ട സീറ്റ് കയ്യിലിരുപ്പും അഹങ്കാരവും കൊണ്ട് ഇവർ കളഞ്ഞു കുളിയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.
എന്നാൽ രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നു . ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ് എന്നും ഒരുപാട് മഹാന്‍മാരുടെ രക്തം പുരണ്ടു തന്നെ വാനിലുയര്‍ന്ന, ഭാരതത്തിന്റെ ജീവവായുവായ മൂവര്‍ണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നതെന്നും രമ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സുധാകരന്‍ പറഞ്ഞു. ആലത്തൂരിന്റെ ഇരുണ്ട ചെങ്കോട്ടകളിലേയ്ക്ക് ജനാധിപത്യത്തിന്റെ മൂവര്‍ണ്ണക്കൊടിയുമായി രമ്യാ ഹരിദാസ് എന്ന പെണ്‍പോരാളി ഇറങ്ങിച്ചെന്ന നാള്‍ മുതല്‍ CPM ന്റെ അസഹിഷ്ണുത കേരളത്തിന്റെ പൊതു സമൂഹം കണ്ടു കൊണ്ടിരിക്കുകയാണ്. അശ്ലീലചുവ നിറഞ്ഞ പരിഹാസം കൊണ്ടാണ് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ആ പെണ്‍കുട്ടിയെ ആദ്യം നേരിട്ടത്.എല്ലാ പരിഹാസങ്ങളെയും കുപ്രചരണങ്ങളെയും കാറ്റില്‍ പറത്തി ആലത്തൂരിന്റെ ജനഹൃദയം രമ്യ ഹരിദാസിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നത് പുതുചരിത്രം.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം മണ്ഡലത്തിലെ ഹരിതസേനാ പ്രവര്‍ത്തകരെ കാണാനായി എത്തിയ രമ്യ ഹരിദാസ് എംപിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത് രാഷ്ട്രീയ കേരളം കണ്ടിരുന്നു.ആലത്തൂരില്‍ കാലുകുത്തിയാല്‍ കാല് വെട്ടുമെന്നായിരുന്നു അന്ന് CPM നേതാക്കളുടെ ഭീഷണി ! സ്ത്രീകളുടെ അഭിമാനത്തെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലുള്ള CPM അക്രമങ്ങള്‍ പ്രാകൃത നൂറ്റാണ്ടുകളിലെ കാട്ടുനീതിയാണ്‍ ഒടുവിലിതാ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരത്തിലിറങ്ങിയ രമ്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലില്‍ കാത്തിരിക്കുമ്പോള്‍ അവരെ ഉപദ്രവിക്കാന്‍ ചിലരുടെ ശ്രമമുണ്ടായിരിക്കുന്നു.ഒരു മന്ത്രിയുടെ പാര്‍ട്ടി ലോക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ തമ്മില്‍ത്തല്ലുന്നത് ഇന്നലെ തന്നെ കേരളം കണ്ടു. കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി നിയമം ലംഘിക്കുന്നതും നാം കണ്ടിരുന്നു. അപ്പോള്‍ ഒന്നും തോന്നാത്ത അസഹിഷ്ണുത ജനങ്ങളെ സഹായിക്കാന്‍ പുറത്തിറങ്ങിയതിന്റെ പേരില്‍ രമ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിടുന്നതിന്റെ പിന്നില്‍ കേവലം രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കാനും മരുന്നുകള്‍ നല്‍കാനും ഒക്കെയായി ലോക് ഡൗണ്‍ സമയത്തും തെരുവിലുള്ളത് കൊണ്ടാണ് കോവിഡ് പ്രതിരോധത്തില്‍ പിണറായി വിജയന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നില്‍ക്കുന്നത്. അത്തരത്തില്‍ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ അവിടെ ഇരിക്കാന്‍ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുക.രമ്യയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കേറിയതിനു ശേഷം സോഷ്യല്‍ മീഡിയ വഴി CPM വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുന്നു . അവരുടെ നിറത്തെ പോലും പരിഹസിക്കുന്നത് CPM ന്റെ രക്തത്തിലുള്ള വര്‍ണ്ണവെറി വിളിച്ചോതുന്നുണ്ട്.നിങ്ങളുടെ കോട്ട തകര്‍ത്ത രമ്യ ഹരിദാസിനെ നിങ്ങള്‍ രാഷ്ട്രീയമായി നേരിടൂ. വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ.
‘ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു ‘ എന്ന ഒറ്റ വാചകത്തിലൂടെ താന്‍ സഹിച്ച കഷ്ടപ്പാടുകള്‍ നമ്മളോട് വിളിച്ചു പറഞ്ഞ സഖാവ് ഗൗരിയമ്മയോട് പോലും CPM എന്ന മനുഷ്യ വിരുദ്ധ പ്രസ്ഥാനം ചെയ്ത ക്രൂരതകള്‍ രാഷ്ട്രീയ കേരളം മറന്നിട്ടില്ല. ഗൗരിയമ്മയ്ക്ക് കൊടുക്കാത്ത നീതി CPM മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രബുദ്ധ കേരളം ഈ സ്ത്രീവിരുദ്ധ പ്രസ്ഥാനത്തെ ഇനിയെങ്കിലും തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ നിമിത്തമാകണം.
ഒരു സ്ത്രീ പീഡനം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി നേരിട്ടിടപെടുന്നതും ആ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും സമീപകാലത്ത് നാം കണ്ടതാണ്. ഈ കേരളത്തില്‍ വനിതാ ജനപ്രതിനിധി പോലും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കൂ .തങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വന്നാല്‍ ഏത് സ്ത്രീയെയും ആക്രമിക്കുന്ന ജീര്‍ണ്ണിച്ച മാനസികാവസ്ഥയിലേയ്ക്ക് CPM പ്രവര്‍ത്തകരും നേതാക്കളും ‘സഹയാത്രികരും ‘ അധഃപതിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് കുമാരി രമ്യയ്ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തിഹത്യകള്‍.കേരളത്തിന്റെ സാംസ്‌ക്കാരിക ലോകം ഈ വിഷയത്തിലും കുറ്റകരമായ മൗനം പാലിക്കുന്നുവെന്നത് അങ്ങേയറ്റം അപലപനീയമാണ്.ഒരു ജന പ്രതിനിധിയോട് എന്നതിലുപരി,
പിന്നാക്ക സമുദായത്തില്‍ നിന്നും പോരാടി ഉയര്‍ന്നു വന്ന ഒരു പെണ്‍കുട്ടിയെയാണ് നിങ്ങള്‍ തുടര്‍ച്ചയായി വ്യക്തിഹത്യ ചെയ്യുന്നത്.
അത്തരത്തില്‍ അക്രമത്തിന് മുതിരുന്ന സി.പി.എം പ്രവര്‍ത്തകരോട് പറയുവാനുള്ളത്, ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി വെടിയുണ്ടകള്‍ ഗര്‍ഭപാത്രത്തില്‍ പോലും ഏറ്റുവാങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ് .
ഒരുപാട് മഹാന്‍മാരുടെ രക്തം പുരണ്ടു തന്നെ വാനിലുയര്‍ന്ന, ഭാരതത്തിന്റെ ജീവവായുവായ മൂവര്‍ണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നത്. ആ കൊടിയുടെയും കൊടിയേന്തിയവരുടെയും ധീരസ്മരണകള്‍ മാത്രം മതി ഉറച്ച ചുവടുകളോടെ നിങ്ങളെ നേരിടാന്‍.
ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ ഭീഷണിയുടെ ആജ്ഞാ സ്വരങ്ങളുമായി ആര് തന്നെ വന്നാലും പ്രതിരോധം തീര്‍ക്കാനും പ്രതിഷേധമുയര്‍ത്താനും കരുത്തുള്ള മഹാപ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന കാര്യം അക്രമകാരികള്‍ മറന്നു പോകരുത്.ആലത്തൂര്‍ എം.പി. കുമാരി രമ്യ ഹരിദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് KPCC പ്രസിഡന്റ് എന്ന നിലയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ശക്തിയുക്തം ആവശ്യപ്പെടുന്നു.