രമ്യ ഹരിദാസിന്റെ കണ്ണ് നിറഞ്ഞുള്ള പ്രസംഗം; വികാര നിര്‍ഭരമായി യാത്രചോദിച്ച് ആലത്തൂരിലേയ്ക്ക്

കുന്ദമംഗലം: വികാരനിര്‍ഭരമായ പ്രസംഗത്തിലൂടെ പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് രമ്യയുടെ പ്രസംഗം.

കണ്ണു നിറഞ്ഞ് ശബ്ദമിടറിയാണ് രമ്യാഹരിദാസ് ആ വേദിയില്‍ സംസാരിച്ചത്. തന്നെ കാണാനായി കുന്ദമംഗലത്തുകാര്‍ ആരും ആലത്തൂരിലേക്ക് വരണ്ടെന്നും ഒരു ഫോണ്‍ കോളില്‍ നാട്ടുകാരുടെ വിളിപ്പുറത്ത് താന്‍ ഉണ്ടാകുമെന്നും ഉറപ്പു നല്‍കിയാണ് രമ്യ ആലത്തൂരിലേക്ക് പോകുന്നത്.

ആലത്തൂരിലെ ഇടതുപക്ഷത്തിന്റെ കോട്ടയില്‍ വിജയക്കൊടി നാട്ടാന്‍ എല്ലാവരുടെയും പ്രാര്‍ഥനയുണ്ടാകണം. ലോക്സഭയിലെക്ക് മത്സരിക്കാന്‍ പാകത്തില്‍ തന്നെ വളര്‍ത്തിയെടുത്തത് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകരാണ്. നിങ്ങളോടൊപ്പം പോസ്റ്ററൊട്ടിച്ചും കുടുംയോഗങ്ങളില്‍ പ്രസംഗിച്ചുമാണ് താന്‍ വളര്‍ന്നത്. ആ കരുത്തുമായാണ് ഞാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്- രമ്യ പറഞ്ഞു നിര്‍ത്തുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെ നിറഞ്ഞ കൈയടികളോടെ ആ വാക്കുകള്‍ സ്വീകരിച്ചു.

നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. ആലത്തൂര്‍ മണ്ഡലത്തിലേക്ക് ഇവരുടെ പേര് അപ്രതീക്ഷിതമായാണ് ഉയര്‍ന്നുവന്നത്.

Top