ന്യൂഡൽഹി:കോൺഗ്രസിന് വീണ്ടും പരാജയം .ഉപതിരഞ്ഞെടുപ്പിൽ നേട്ടം ആവർത്തിച്ച് ബിജെപി ഇന്ത്യ പിടിക്കാനുള്ള തേരോട്ടത്തിൽ കുതിപ്പ് തുടരുന്നു . കോൺഗ്രസിൽ നിന്നു രണ്ടു സീറ്റുകൾ പിടിച്ചെടുത്തും ഒന്നു നിലനിർത്തിയും ബിജെപിക്ക് ഉപതിരഞ്ഞെടുപ്പുകളിൽ വൻ നേട്ടംകൊയ്യാനായി . കൈവശമുണ്ടായിരുന്ന മൂന്നു സീറ്റുകൾ നഷ്ടമായ കോൺഗ്രസ് രണ്ടിടത്തു നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇതോടെ അരുണാചൽപ്രദേശിലെ 60 അംഗ നിയമസഭയിൽ കോൺഗ്രസ് ഒറ്റ സീറ്റിലൊതുങ്ങി. ബിജെപിക്ക് 49 എംഎൽഎമാരായി. പക്കെ കേസാങ് സീറ്റിൽ മുൻ ഉപമുഖ്യമന്ത്രി കെമെങ് ദോലോയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപിയുടെ ബി.ആർ വാഗെ 475 വോട്ടിനാണു ദോലോയെ പരാജയപ്പെടുത്തിയത്. ലികാബാലി സീറ്റിൽ ജോംദെ കേനയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2014ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ജോംദെ പിന്നീട് അരുണാചൽ പീപ്പിൾസ് പാർട്ടി (പിപിഎ)യിലേക്കും പിന്നീടു ബിജെപിയിലേക്കും കാലുമാറി. ബിജെപിയുടെ കാർദോ നിഗ്യോർ വിജയിച്ചപ്പോൾ പിപിഎ സ്ഥാനാർഥിക്കും സ്വതന്ത്രനും പിന്നിലാണു കോൺഗ്രസ്.
ഉത്തർപ്രദേശിലെ സിക്കന്ദ്ര മണ്ഡലം ബിജെപി നിലനിർത്തി. 1996ൽ ഫൂലൻദേവി വിജയിച്ച ലോക്സഭാ മണ്ഡലമായ മിർസാപുരിൽ ഉൾപ്പെടുന്ന മണ്ഡലമാണിത്. ബിജെപിയുടെ അജിത് സിങ് പാൽ 11,861 വോട്ടുകൾക്കാണ് എസ്പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് മൂന്നാമതെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിലാണു മൽസരിച്ചതെങ്കിലും ഇത്തവണ എസ്പിയും കോൺഗ്രസും ഒറ്റയ്ക്കു മൽസരിക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.1957 മുതൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബംഗാളിലെ സബാങ് മണ്ഡലത്തിൽ വൻ തിരിച്ചടിയാണു പാർട്ടി നേരിട്ടത്. പാർട്ടി സ്ഥാനാർഥി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കോൺഗ്രസിൽ നിന്നു കാലുമാറി തൃണമൂലിലെത്തി ഈ വർഷമാദ്യം രാജ്യസഭാ എംപിയായ മനസ് ഭൂനിയയുടെ ഭാര്യ ഗീതാ റാണിയായിരുന്നു ടിഎംസി സ്ഥാനാർഥി. ഭർത്താവിനേക്കാൾ മികച്ച വിജയം. ഭൂരിപക്ഷം