
ശബരിമലയില്‍ ദര്‍ശനത്തിനായി മല കയറിയ രഹ്ന ഫാത്തിമയെ ജമാ അത്ത് കൗണ്‍സില്‍ സമുദായത്തില്‍ നിന്നും പുറത്താക്കി. ജമാ അത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് രേഖാമൂലം ഇത് അറിയിച്ചു.
ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരെ ദര്‍ശനത്തിന് പോയ രഹ്ന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നു എന്ന് കത്തില്‍ പറയുന്നു. ചുംബന സമരത്തിലും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ലെന്നും കത്തില്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് രഹ്നയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് വേഷം ധരിപ്പിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പോലീസ് നടപടി അച്ചടക്ക ലംഘനമെന്നും കത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ ശബരിമലയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് രഹ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തക കവിത തിരിച്ചിറങ്ങാന്‍ തീരുമാനിച്ചപ്പോളും പതിനെട്ടാം പടി ചവിട്ടുമെന്ന് രഹ്ന പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധം കനത്തതോടെ നിവൃത്തിയില്ലാതെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.