തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് മാർ ക്ലീമിസ് ആണ് നിർണായക നീക്കം നടത്തിയത്. ഇന്നു വൈകിട്ട് പട്ടം ബിഷപ്പ് ഹൗസിൽ മത നേതാക്കളുടെ യോഗം ചേരും.പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമ്മരാജ് റസാലം തിരുമേനി, ബർണ്ണബാസ് തിരുമേനി തുടങ്ങിയവർ സാമുദായിക നേതാക്കളുടെ പങ്കെടുക്കും. പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സർക്കാർ കാണിക്കുന്ന നിസംഗ സമീപനവും മുസ്‌ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാലാ ബിഷപ് ഹൗസ് സന്ദർശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ് ലിം സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായതോടെ സർവ്വകക്ഷിയോഗമോ, മത നേതാക്കളുടെ യോഗമോ വിളിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്തയയ്ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മത നേതാക്കൾ തന്നെ നിർണായക നീക്കം നടത്തിയത്. വർഗീയ ഏറ്റുമുട്ടലുകളിൽ സർക്കാർ കാഴ്ച്ചക്കാർ ആകുന്നു എന്ന ആരോപണം നിലനിൽക്കയാണ് ഈ യോഗം ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്.
മത സംഘർഷ വിഷയങ്ങളിൽ നേരത്തെതന്നെ നിർണായക ഇടപെടലുകൾ നടത്താറുള്ള വ്യക്തിയാണ് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് മാർ ക്ലിമീസ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിൻറെ നീക്കം സർക്കാരിന്റെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനക്ക് പിന്നാലെ, പ്രകോപനപരമായ പല നീക്കങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ബോധപൂർവ്വമായി ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് ഇടപെടുന്നില്ല എന്ന പരാതിയും വ്യാപകമായിരുന്നു.
ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്ലാം മതത്തിലില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. നാർക്കോട്ടിക്ക് ജിഹാദിൻ്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മോശപ്പെടുത്തുവാനുള്ള നീക്കമാണ് ഉണ്ടായത്. മുസ്ലിം സമുദായം ഇത്തരതിലുള്ള ഒരു ജിഹാദിനും ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.
പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല. ഞങ്ങളിവിടെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി കലഹിച്ച് പോകാന്‍ താത്പര്യമില്ല. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച തെറ്റായ വാദമാണ്. അത് ഉന്നയിച്ചയാള്‍ ആ തെറ്റായ വാദം എത്രയും വേഗം പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടത്.
ഭിന്നിപ്പ് മാറ്റാൻ ഇതിനായി ആര് നീക്കം നടത്തിയാലും ആശ്വാസകരമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം അനുവദിക്കുന്നില്ല. ലൗജിഹാദ് ഇല്ല എന്നത് വ്യക്തമായപ്പോള്‍ നാര്‍കോട്ടിക്ക് ജിഹാദ് എന്ന് പുതിയ പേര് വലിച്ചിടുകയാണ്. ഈ പേരുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. മുസ്ലിം സമുദായം ഒരിക്കലും ഭീകരവാദത്തിനോ തീവ്രവാദത്തിനോ കൂട്ടുനിന്നിട്ടില്ല. നില്‍ക്കുകയുമില്ല. എപ്പോഴും അതിനെതിരെ സംസാരിക്കുന്നവരാണ് ഞങ്ങളെന്നും തെറ്റ് ചെയ്യുന്ന വ്യക്തികള്‍ എല്ലാ മതങ്ങളിലുമുണ്ടാകാമെന്നും കാന്തപുരം പറഞ്ഞു.