ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ തകര്‍ച്ച നേരിട്ടെങ്കിലും പുതിയ പദ്ധതികളുമായി തിരിച്ചുവരവിന്റെ പാതയിലാണ് ബിജെപി. എന്നാല്‍ നല്‍കുന്ന വാഗ്ദാനങ്ങളും പ്രഖ്യാപിക്കുന്ന പദ്ധതികളും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലവും വ്യക്തമാക്കുന്നത്. ബിജെപി അനുഭാവമുള്ള റിപ്പബ്ലിക് ടി വി നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്സിന്റെ സര്‍വേ ബിജെപിയെ തളര്‍ത്തുന്നതാണ്.
അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി വലിയ വെല്ലുവിളിയായി ഉയര്‍ന്നതാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും നേരിടാതിരുന്ന ഒരു ശക്തനായ എതിരാളി വരുന്ന ഇലക്ഷനുകളില്‍ മോദിയെ കടപുഴക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി ഇപ്പോള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്‍ തിരിച്ചടിയാണ് അവരെ കാത്തിരിക്കുന്നത്.
2019ല്‍ ബിജെപി കണ്ണ് വെക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളാണ് ഇവിടെ ഉള്ളത്. 2014ല്‍ 71 സീറ്റ് നേടി കുതിപ്പ് നടത്തിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇവിടെ എന്‍ഡിഎ ഇത്തവണ 28 സീറ്റിലൊതുങ്ങും. 42.8 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. ബിജെപി 27 സീറ്റും അപ്നാദള്‍ ഒരു സീറ്റുമാണ് നേടുക. അതേസമയം എസ്പി ബിഎസ്പി സഖ്യം ഇവിടെ 52 സീറ്റുകള്‍ നേടും. 2014നെ അപേക്ഷിച്ച് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടാവുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തകര്‍ച്ചയാണ് ഛത്തീസ്ഗഡില്‍ നേരിട്ടത്. ഇവിടെ 11 സീറ്റാണുള്ളത്. 2014 തൂത്തുവാരിയിരുന്നു ബിജെപി. പക്ഷേ ഇത്തവണ അഞ്ച് സീറ്റിലൊതുങ്ങുമെന്ന് നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്സ് പറയുന്നു. 40.5 ശതമാനം വോട്ട് ലഭിക്കും ബിജെപിക്ക്. അതേസമയം രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ വിജയ ഘടകമാകും. കോണ്‍ഗ്രസ് നേതൃത്വവും ഗുണം ചെയ്യും.
പഞ്ചാബില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് സര്‍വേ പ്രവചിക്കുന്നു. ഇവിടെയുള്ള 13 സീറ്റില്‍ 12 എണ്ണം കോണ്‍ഗ്രസ് നേടും. അതേസമയം ബിജെപിയുടെ സഖ്യകക്ഷി ശിരോമണി അകാലിദള്‍ ഇവിടെ ഒരു സീറ്റ് നേടും. അതേസമയം 2014ന് ശേഷം ഇവിടെ വോട്ട് ശതമാനത്തില്‍ ബിജെപിക്ക് വന്‍ ഇടിവാണ് നേരിടുന്നത്. 2014ല്‍ എന്‍ഡിഎ ഇവിടെ ആറ് സീറ്റ് നേടിയിരുന്നു. ഏറ്റവും വലിയ മുന്നണിയായിരുന്നു ഇവര്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മികച്ച നേതാവായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വന്നതോടെയാണ് എല്ലാം മാറിയത്.
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഇവിടെയും അടിതെറ്റുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഇവിടെ 12 സീറ്റാണ് 2014ല്‍ നേടിയത്. എന്നാല്‍ ഇത്തവണ അഞ്ച് സീറ്റില്‍ ഒതുങ്ങും. 41.8 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. അതേസമയം ഇവിടെ ബിജെപിക്കെതിരെ ജനവികാരം ശക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പുള്ള കണക്കില്‍ എട്ട് സീറ്റായിരുന്നു, പിന്നീട് ഇത് ആറ് സീറ്റിലെത്തിയിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപിയുടെ മുഖ്യമന്ത്രിയടക്കം ജനപ്രിയരല്ലെന്ന് വ്യക്തമാണ്.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ സംഘടനാ അടിത്തറ ഏറ്റവും ശക്തമായ സംസ്ഥാനമാണ്. ഇവിടെ എന്‍ഡിഎ സഖ്യം 16 സീറ്റില്‍ ഒതുങ്ങും. 2014ല്‍ 42 സീറ്റാണ് ബിജെപി ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് നേടിയത്. സംസ്ഥാനത്ത് 48 സീറ്റാണുള്ളത്. ഇത്തവണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഇവിടെ 30 സീറ്റ് നേടും. വന്‍ തിരിച്ചടിയാണ് ഇവിടെയുള്ളത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇവിടെയും ജനസ്വാധീനമുള്ള നേതാവായി വളരുന്നത്. കര്‍ഷക പ്രശ്നങ്ങളാണ് പ്രധാന തിരിച്ചടി.
നിയമസഭാ സീറ്റില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം കൈവിട്ട് പോയത് ബിജെപിയെ സംബന്ധിച്ച് കര്‍ണാടകയില്‍ വന്‍ തിരിച്ചടിയായിരുന്നു. 2014ല്‍ 17 സീറ്റാണ് ബിജെപി നേടിയത്. ഇത്തവണ 15 സീറ്റായി കുറയും. അതേസമയം ഇവിടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ശക്തമായത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയാണ്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയും കര്‍ണാടകത്തില്‍ വര്‍ധിക്കുന്നുണ്ട്. മോദിയുടെ റാലികള്‍ക്ക് ഇവിടെ താല്‍പര്യം കുറയുന്നതായും സര്‍വേ പറയുന്നു.
ആന്ധ്രയില്‍ ബിജെപി ഒരു സീറ്റ് പോലും നേടിയത്. വെറും 11 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. ടിഡിപി സഖ്യം വിട്ടത് വലിയ തിരിച്ചടിയാണ്. ഇവിടെയുള്ള 25 സീറ്റില്‍ കൂടുതല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിക്കും. ടിഡിപി കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തെത്തും. അതേസമയം ഇവിടെയുള്ള ഫലം തന്നെ തെലങ്കാനയിലും ആവര്‍ത്തിക്കാനാണ് സാധ്യത. ബിജെപി ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന സംസ്ഥാനങ്ങളാണ് ഇതെല്ലാം. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേട്ടമാണ് ബിജെപിയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.