നാവികസേന അഭിലാഷിന്റെ പായ് വഞ്ചിക്ക് മുകളിലെത്തി; മേഖലയില്‍ കനത്ത മഴ

പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഇന്ത്യന്‍ നാവികസേന കണ്ടെത്തി.

നാവികസേനയുടെ വിമാനം പായ്വഞ്ചിക്ക് മുകളിലെത്തി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും മേഖലയില്‍ കനത്ത മഴയെന്നും വിവരം. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. അടിയന്തരമരുന്നുകളും ഭക്ഷണവും പായ്വഞ്ചിയിലെത്തിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്‌ക്കൊരു പായ് വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 84 ദിവസംകൊണ്ട് 19,444 കിലോമീറ്റര്‍ അഭിലാഷ് പിന്നിട്ടിരുന്നു.

ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഇതില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ തിരമാല 14 മീറ്റര്‍ വരെ ഉയര്‍ന്നു.

സംഘാടകരുമായി അഭിലാഷ് ടോമി ആശയവിനിമയം നടത്തിരുന്നു. ഫ്രാന്‍സിലുള്ള റേസ് കണ്‍ട്രോള്‍ യൂണിറ്റുമായാണ് സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി ബന്ധപ്പെട്ടത്. ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലുള്ള സംയുക്ത രക്ഷാപ്രവര്‍ത്തന സംഘത്തിന് കൈമാറി. സ്വയം നീങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്‌ട്രെച്ചര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ.ശര്‍മ അറിയിച്ചിരുന്നു.

അഭിലാഷിന്റെ സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സംപ്രീതും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹെലികോപ്റ്ററുകളും തിരിച്ചിരുന്നു. മറ്റൊരു മല്‍സരാര്‍ഥിയായ ഹാന്‍ലി എനര്‍ജി എന്‍ഡ്യൂറന്‍സും അഭിലാഷിന്റെ പായ്ക്കപ്പലായ തുരിയയെ ലക്ഷ്യമാക്കി നീങ്ങി. ഓസ്‌ട്രേലിയന്‍ മല്‍സ്യബന്ധനക്കപ്പലായ ഒസിരിസും ഇവിടേയ്ക്ക് തിരിച്ചു.

അഭിലാഷിനൊപ്പം മറ്റു രണ്ടു നാവികരുടെയും പായ്വഞ്ചികള്‍ അപകടത്തില്‍പ്പെട്ടു. അയര്‍ലന്‍ഡ് സ്വദേശി ഗ്രിഗര്‍ മക്ഗുക്കിന്‍, നെതര്‍ലന്‍ഡ്‌സുകാരന്‍ മാര്‍ക് സ്ലാറ്റ്‌സ് എന്നിവരുടെ വഞ്ചികളാണ് കാറ്റില്‍പ്പെട്ടത്. ഇവരും സുരക്ഷിതരാണെന്ന് മത്സരത്തിന്റെ സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവരോട് അഭിലാഷിനടുത്തേക്ക് നീങ്ങാന്‍ സംഘാടകര്‍ നിര്‍ദേശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുകയാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

‘ഭ്രാന്തരുടെ സമുദ്രപ്രയാണം’ എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിന്റെ അപരനാമം. ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്ക് പായ്വഞ്ചിയില്‍ ഉലകം ചുറ്റി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. അതും 50 കൊല്ലം പഴയ സാങ്കേതികവിദ്യകള്‍മാത്രം ഉപയോഗിച്ച്. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാന്‍ പാടില്ല. നാവികര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ ഇതുപയോഗിക്കാവൂ.

ബ്രിട്ടീഷുകാരന്‍ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണ്‍ 1968-ല്‍ ഒറ്റയ്ക്ക് നടത്തിയ സമുദ്രപ്രയാണത്തിന്റെ ഓര്‍മയ്ക്കാണ് ജി.ജി.ആര്‍. നടത്തുന്നത്. ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോന്‍ തുറമുഖത്തുനിന്നാണ് ജി.ജി.ആര്‍. തുടങ്ങിയത്. 2019 ഏപ്രിലില്‍ ഇതേസ്ഥലത്താണ് മത്സരാര്‍ഥികള്‍ എത്തേണ്ടത്. അഭിലാഷടക്കം 18 പേരാണ് മത്സരിക്കുന്നത്. ഒരു വനിതയുമുണ്ട്. ഏഴുപേര്‍ ഇതിനകം പിന്മാറി. പരിക്കേറ്റതോടെ അഭിലാഷും പുറത്താകും.

Top